കോട്ടയം: വേമ്പനാട്ട് കായലിനു കുറുകെയുള്ള തണ്ണീർമുക്കം ബണ്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്ന് രാവിലെ 9.30 മുതൽ വാഹനങ്ങൾ ബണ്ട് റോഡിൽ ചലനമറ്റ് കുരുങ്ങി കിടക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി പോയ രണ്ട് ആംബുലൻസിനെ കടത്തിവിട്ടത് ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ്. ഈ സാഹചര്യത്തിൽ ഇതു വഴിയുള്ള യാത്ര ഒഴിവാക്കേണ്ടതാണന്ന് പലരും അഭിപ്രായപ്പെടുന്നു.
കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തണ്ണീർമുക്കം ബണ്ട്.
എന്നാൽ ബണ്ടിലെ ടാറിംഗ് ഇളകി വലിയ കുഴികളായതോടെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുന്നില്ല. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് ചാടിച്ചാടിയാണ് യാത്ര. ബണ്ട് കടക്കാൻ മണിക്കൂർ വേണ്ടി വരുന്ന അവസ്ഥ. അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല.






