മണര്‍കാട്: മണര്‍കാട് - അയര്‍ക്കുന്നം റേഡിലെ മാലം പാലം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പേടിസ്വപ്നമാകുന്നു.
പാലത്തിന്റെ അശാസ്ത്രീയതയും അധികൃതരുടെ അവഗണനയും ചേരുന്നതോടെ ഇവിടെ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കു ഗുരുതര പരുക്കേറ്റിരുന്നു.
ഇത് ആദ്യ സംഭവമല്ലെന്നും ഇവിടെ അപകടങ്ങള്‍ പതിവാണെന്നും യാത്രക്കാര്‍ പറയുന്നു. മുമ്പുണ്ടായ അപകടങ്ങളില്‍ വലിയ ജീവഹാനി ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്നു നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ റോഡില്‍ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു വലിയ വളവാണ്. വളവു കഴിഞ്ഞു പാലത്തിലേക്കു കയറുമ്പോള്‍ എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്.






