കോട്ടയം: ഒന്നാം കൃഷി കൊയ്ത്തിനൊരുങ്ങിയിട്ടും സ്വകാര്യമില്ലുകളും സർക്കാരും തമ്മില്‍ നെല്ല് സംഭരണ കരാർ ഒപ്പിടാത്തതിനാല്‍ കർഷകർ ആശങ്കയില്‍.
കിഴിവും നെല്ല് അരിയാക്കി തിരിച്ചു കൊടുക്കുമ്പോള്‍ തൂക്കം കുറയ്ക്കുന്നതും സംബന്ധിച്ച തർക്കമാണ് കരാർ നീളാൻ കാരണം. അടുത്തമാസം കൊയ്ത്താരംഭിക്കാനിരിക്കെ മില്ലുടമകളുടെ സ്ഥിരം സമ്മർദ്ദതന്ത്രം പയറ്റലായി ഇതിനെ കാണുന്ന കർഷകർ സപ്ലൈക്കോ അധികൃതരും ഇതിന് കൂട്ടു നില്‍ക്കുകയാണെന്ന് ആരോപിക്കുന്നു.
സപ്ലൈക്കോ നെല്ല് സംഭരിക്കുന്നത് കേന്ദ്ര താങ്ങുവിലയായ 23.69 രൂപയും സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസായ 6.31 രൂപയും ചേർത്തു കിലോയ്ക്ക് 30 രൂപയ്ക്കാണ് . ഉണക്കു കുറവ് , ജലാംശം കൂടുതല്‍ ,പതിര്, വലിപ്പക്കുറവ് തുടങ്ങി പല കാരണങ്ങള്‍ നിരത്തി സ്വകാര്യമില്ലുകളുടെ ഏജന്റന്മാർ വില ഇടിക്കും.
നെല്ല് സംഭരിച്ച് അരിയാക്കി തിരിച്ചു നല്കുന്ന മില്ലുടമകള്‍ക്ക് 5ശതമാനം ജി.എസ്.ടിക്കു പുറമേ അധിക നികുതിയും കുടിശികയും പിഴയുമൊക്കെ ഈടാക്കാൻ തുടങ്ങിയതില്‍ പ്രതിഷേധവുമായി ഇടഞ്ഞു നില്‍ക്കുകയാണ് മില്ലുടമകളുടെ സംഘടന. നെല്ല് അരിയാക്കി തിരിച്ചു നല്കുമ്പോള് കേന്ദ്രം നിശ്ചയിച്ച ച്ച 68 കിലോയ്ക്കുപകരം 64.5 കിലോയേ നല്‍കാനാവൂ എന്ന കടും പിടുത്തവും തുടരുകയാണ്.
മില്ലുടമുകളുടെ പതിവ് സമ്മർദ്ദ തന്ത്രം
കരാർ ഒപ്പിടാതെ നില്ക്കുന്ന ഉടമകള്‍ അരിമില്ലുകള്‍ അടച്ചിടുമെന്ന ഭീഷണിയും മുഴക്കുന്നു. മന്ത്രി തല ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല.
മുഴുവൻ മില്ലുകളും നെല്ലെടുക്കാൻ തയ്യാറാകുന്നില്ലെങ്കില്‍ സർക്കാരുമായി കരാർ ഒപ്പിടുന്ന ഏതാനും ചെറുകിട മില്ലുകള്‍ മാത്രമാകും സംഭരണത്തിന് ഉണ്ടാവുക.
സംഭരണം വൈകിയാല്‍ നെല്ല് നശിക്കുമെന്നതിനാല്‍ വില ഇടിക്കാനുള്ള ഇവരുടെ സമ്മർദ്ദ തന്ത്രത്തിന് കർഷകർ വഴങ്ങേണ്ടി വരും. എല്ലാ വർഷവും നടക്കുന്ന 'കളി' ഈ വർഷവും അരങ്ങേറുമെന്നാണ് മില്ലുടമകളുടെ സമ്മർദ്ദ തന്ത്രം തെളിയിക്കുന്നത് .
ജി.എസ്.ടി ഭക്ഷ്യവകുപ്പ് പോരും മില്ലുടമകളുടെ നിസഹകരണവും സപ്ലൈക്കോയുടെ മെല്ലെപോക്കും കാരണം ഒന്നാം കൃഷി നെല്ല് സംഭരണം പ്രതിസന്ധിയിലാണ്. രണ്ടാം കൃഷി ഒരുക്കങ്ങള്‍ നടത്തണമെങ്കില്‍ നെല്ലു വിറ്റ പണം ലഭിക്കണം. സർക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും






