കൊച്ചി: അങ്കമാലിയില്‍ നടക്കുന്ന കേരള ഗ്ലോബല്‍ ഡിജിറ്റല്‍ ഇൻവെസ്റ്റ്മെന്റ് പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി.
സതീശനും ആറ് മന്ത്രിമാരും പിന്മാറി. പരിപാടിയുടെ സംഘാടകരില്‍ ഒരാള്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാളാണെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
മുഖ്യമന്ത്രിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍ എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. സംഘാടകന്റെ പശ്ചാത്തലം കണക്കിലെടുത്ത് പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
അതേസമയം, തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് ആരോപണ വിധേയനായ സംഘാടകന്റെ വിശദീകരണം. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതി നിലനിന്നിരുന്നു എന്നത് യാഥാർത്ഥ്യമാണെങ്കിലും, ഇത് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പായതാണെന്നും കോടതി കേസ് റദ്ദാക്കിയതാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.






