ഡൽഹി :കരിമ്പിൽ നിന്നുള്ള എഥനോൾ ഉത്പാദനത്തിന് താൽക്കാലിക വിലക്കുമായി കേന്ദ്ര സർക്കാർ രംഗത്ത് . പഞ്ചസാര ഉത്പാദനത്തിലെ കുറവും ആഭ്യന്തര വിപണിയിൽ വില കൂടാനുള്ള സാധ്യതയും മുൻനിർത്തിയാണ് ഈ നിർണായക നടപടി.2026-27 വർഷത്തെ എഥനോൾ സംഭരണ ടെൻഡറിലാണ് കരിമ്പ് നീര്, പഞ്ചസാര ലായനി, ബിഹെവി മൊളാസസ് എന്നിവയുടെ ഉപയോഗം തടഞ്ഞത്. ബി.പി.സി.എൽ പുറത്തിറക്കിയ പുതിയ ടെൻഡറിലാണ് പെട്രോളിൽ കലർത്തുന്ന എഥനോളിൽ പഞ്ചസാര അധിഷ്ഠിത സ്രോതസുകളുടെ വിഹിതം പൂജ്യമാക്കിയത്. മഹാരാഷ്ട്രയിലും കർണാടകയിലും മഴ കുറഞ്ഞത് ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയും ഇതിന് കാരണമായി.
അതേസമയം, ചോളം, പൊട്ടിയ അരി, എഫ്.സി.ഐയുടെ അധിക അരി, സിഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോളിന് അപേക്ഷിക്കാം. പെട്രോളിൽ എഥനോൾ മിശ്രണം തുടരുമ്പോഴും, ഭക്ഷ്യസുരക്ഷയും വിലക്കയറ്റവും തടയാൻ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ ഈ മാറ്റം.






