കോട്ടയം: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനും ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയില്‍ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
താലൂക്ക് തലത്തിലുള്ള സ്ക്വാഡുകള്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തും. അനധികൃത വിലവര്‍ധന, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയവ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍,പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുകളും തൂക്കങ്ങളും കൃത്യമാണെന്ന് സ്ഥിരീകരിക്കുന്നതിനും ജാഗ്രതാ സംവിധാനമുണ്ടാകും.
സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സമയബന്ധിതമായി നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
വിപണിയിലെ ഭക്ഷ്യ സാധനങ്ങളുടെ വില, ഗുണമേന്മ, അളവ് എന്നിവ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടര്‍ നടപടികളെടുക്കുന്നതിനുമായി ജില്ല, താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാതല കണ്ട്രോള് റൂം:
9188527319 - ജില്ലാ സപ്ലൈ ഓഫീസര്‍
8281698051- ഡെപ്യൂട്ടി കണ്ട്രോളര്, ലീഗല്‍ മെട്രോളജി
8943346185 - അസിസ്റ്റന്റ് കമ്മീഷണര്‍, ഫുഡ് സേഫ്റ്റി
രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ഭക്ഷണം വാങ്ങാവൂ: ഭക്ഷ്യസുരക്ഷാ വകുപ്പ്
കോട്ടയം: രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍നിന്നു മാത്രമേ ഓണാഘോഷപരിപാടികള്‍ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങാവൂവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണപ്പൊതികളില്‍ പായ്ക്ക് ചെയ്ത തീയതിയും സമയവും രണ്ടുമണിക്കൂറിനുള്ളില്‍ കഴിച്ചിരിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും ഉണ്ടെന്ന് ഉറപ്പുവരുത്തണം.ഇന്‍സ്റ്റന്റ് പായസം പോലുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിലേ വിതരണം ചെയ്യാവൂ. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതും പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ വസ്തുക്കളില്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയാറാക്കുന്ന മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലബോറട്ടറി പരിശോധന നടത്തി ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വൈദ്യ പരിശോധന നടത്തി മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം പൂര്‍ണമായ ലേബലും വിവരങ്ങളും ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണം സംഭരിക്കുകയും വിതരണം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.
ഉപ്പേരി, ശര്‍ക്കരവരട്ടി വിലയില്‍ വര്‍ധന
കോട്ടയം: ഓണസദ്യയിലെ പ്രധാന ഇനങ്ങളായ ഉപ്പേരി, ശര്‍ക്കരവരട്ടി, കളിയടയ്ക്ക എന്നിവയുടെ വിലയില്‍ വര്‍ധന. ഏത്തയ്ക്കായുടെയും വെളിച്ചെണ്ണയുടെയും വില വര്‍ധിച്ചതോടെയാണ് ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിവയുടെ വില കൂടിയത്. ജില്ലയുടെ വിവിധയിടങ്ങളില്‍ ഉപ്പേരി കിലോഗ്രാമിനു 550 രൂപ മുതലാണ് വില.
ശര്‍ക്കരവരട്ടി കിലോഗ്രാമിനു 500 രൂപയും കളിയടയ്ക്ക 200 ഗ്രാമിന് 60 രൂപയുമാണ് കടകളില്‍ ഈടാക്കുന്നത്. പാമോയില്‍, സൂര്യകാന്തി എന്നിവയില്‍ വറുത്ത ഉപ്പേരിക്കു വിലക്കുറവുമുണ്ട്. ഇതിനു 340 രൂപയാണ് ഈടാക്കുന്നത്.
ഏത്തക്കാ വില ജില്ലയില്‍ 70 മുതല്‍ 80 രൂപവരെയാണ്. ഇതിനു പുറമെ വെളിച്ചെണ്ണ, ശര്‍ക്കര തുടങ്ങി മറ്റു വസ്തുക്കള്‍ക്കും വില കൂടി. ഓണക്കാലമെത്തിയതോടെ ആവശ്യക്കാര്‍ കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഇനിയുള്ള ദിവസങ്ങളില്‍ കുടുംബശ്രീയുടെയും മറ്റു ചെറുകിട പലഹാര യൂണിറ്റുകളുടെയും ഉപ്പേരിയും ശര്‍ക്കരവരട്ടിയും വിപണിയില്‍ എത്തും.
വെളിച്ചെണ്ണയില്‍ തയാറാക്കിയ തനത് രുചിയിലുള്ള ഉപ്പേരിയും ശര്‍ക്കര വരട്ടിയുമാണ് മലയാളികള്‍ക്ക് പ്രിയം. ഓണക്കാലത്ത് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ഇതിനാണ്. ഉപ്പേരി എല്ലായ്പ്പോഴും വിറ്റു പോകുമെങ്കിലും ശര്‍ക്കരവരട്ടിക്ക് ഓണത്തിനും വിഷുവിനുമാണ് ആവശ്യക്കാരുള്ളത്.






