കോട്ടയം: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതായി ചുമതലയുള്ള പ്രധാനാധ്യാപകര്‍.
മുട്ട, പാല്, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പാചകവാതകം എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുക അടിയന്തരമായി വര്‍ധിപ്പിക്കണമെന്നാണ് പ്രധാനാധ്യാപകരുടെ പ്രധാന ആവശ്യം.
നിലവിലെ വിഹിതം ഉപയോഗിച്ച് കുട്ടികള്‍ക്ക് കൃത്യമായ ഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കുന്നത് ഏറെ പ്രയാസകരമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ലോവര്‍ പ്രൈമറി (എല്‍.പി - 1 മുതല്‍ 4 വരെ ക്ലാസുകള്‍) വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് 6.78 രൂപയും, അപ്പര്‍ പ്രൈമറി (യു.പി - 5 മുതല്‍ 8 വരെ ക്ലാസുകള്‍) വിഭാഗത്തിലെ ഒരു വിദ്യാര്‍ഥിക്ക് 10.17 രൂപയുമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
സപ്ലിമെന്ററി ന്യൂട്രീഷന്‍ പദ്ധതിയുടെ ഭാഗമായി ഓരോ ആഴ്ചയും വിദ്യാര്‍ഥികള്‍ക്ക് ഒരു മുട്ടയും, രണ്ട് ദിവസങ്ങളിലായി 150 മില്ലിലിറ്റര്‍ വീതം പാലും നല്‍കേണ്ടതുണ്ട്. ഇതിനു പുറമേ, നിത്യേനയുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, പാചകവാതകം തുടങ്ങിയവയും വാങ്ങണം.
വിപണിയില്‍ ഇവയുടെയെല്ലാം വില ഗണ്യമായി വര്‍ധിച്ചതോടെ, നിലവില്‍ അനുവദിക്കുന്ന തുച്ഛമായ തുകയില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രധാനാധ്യാപകര്‍ വ്യക്തമാക്കുന്നു
പല സ്കൂളുകളിലും പദ്ധതി നടത്തിപ്പിനായി പ്രധാനാധ്യാപകര്‍ സ്വന്തം കയ്യില്‍ നിന്നു പണം മുടക്കേണ്ട സാഹചര്യം പോലുമുണ്ടാകുന്നുണ്ടെന്നാണ് ആക്ഷേപം.
കുട്ടികളുടെ പോഷകാഹാര സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലും നിരക്ക് വര്‍ധനവുമാണ് സ്കൂള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.






