കോട്ടയം: ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്ത് സംസ്കാര ചടങ്ങിനിടെ ഭാര്യയും ദാരുണമായി മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന് ജോസഫ് (73), ഭാര്യ ഷേര്‍ലി കുര്യന് (71) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിലായി മരണപ്പെട്ടത്.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലായിലെ ആദ്യകാല വ്യാപാരിയുമായ കുര്യച്ചന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
കുര്യന്റെ ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച സമയത്താണ് നാടകീയവും ദാരുണവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടിനുള്ളില്‍ വെച്ചുള്ള സംസ്കാര ശുശ്രൂഷകളുടെ ആദ്യ ഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം, ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കാനായി ഷേര്‍ലിയെ മൃതദേഹത്തിന് അരികിലേക്ക് എത്തിച്ചു. പ്രിയപ്പെട്ടവന് അന്ത്യചുംബനം നല്കിയ ഉടന്‍ ഷേര്‍ലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എടത്വ പച്ച കാവില വീട്ടില്‍ കുടുംബാംഗമാണ് ഷേര്‍ലി. എയ്ഞ്ചല കുര്യന്, അന്ന കുര്യന്, എബി കുര്യന് എന്നിവരാണ് മക്കള്‍.






