ചെന്നൈ: സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയില്‍ പ്രഖ്യാപിച്ചു.
ഡീലക്സ്, എക്സ്പ്രസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിഭാഗം സർക്കാർ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാൻ അവസരം നല്‍കും. കൂടാതെ, അർഹരായ കുടുംബങ്ങള്‍ക്ക് മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്കുന്ന പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച നിയമസഭയില്‍ ചട്ടം 110 പ്രകാരം നടത്തിയ പ്രഖ്യാപനത്തിലാണ് വിജയ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പദ്ധതികള്‍ പ്രഖ്യാപിച്ചത്.
'വെട്രി പയണം' എന്ന പേരിലുള്ള സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിക്ക് വരുമാന പരിധിയോ യാത്രകളുടെ എണ്ണത്തില്‍ നിയന്ത്രണമോ ഉണ്ടാകില്ലെന്ന് വിജയ് പറഞ്ഞു. മെട്രോപൊളിറ്റൻ, നഗര മേഖലകളില്‍ സർവീസ് നടത്തുന്ന എക്സ്പ്രസ്, എല്‍എസ്എസ്, ഡീലക്സ് സർക്കാർ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. സബർബൻ, മലയോര മേഖലകളിലെ സാധാരണ നിരക്കിലുള്ള സർക്കാർ ബസുകളിലും സൗജന്യ യാത്ര അനുവദിക്കും.
ഒക്റ്റോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്കായി സംസ്ഥാന സർക്കാരിന് പ്രതിവർഷം 6,000 കോടി രൂപ അധിക ചെലവ് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പ്രഖ്യാപിച്ച പ്രധാന ക്ഷേമപദ്ധതികളിലൊന്നായ 'അന്നപൂർണി സൂപ്പർ സിക്സ്' പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. സിലിണ്ടറുകളുടെ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
സിലിണ്ടറുകള്‍ക്കായി അധിക തുക ചെലവഴിക്കേണ്ടിവരുന്ന ജനങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിജയ് പറഞ്ഞു. സിലിണ്ടറുകളുടെ ചെലവ് സർക്കാർ വഹിക്കും.
ഏകദേശം 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർ, ചെറുകിട-ഇടത്തരം കർഷക കുടുംബങ്ങള്‍, ഭിന്നശേഷിക്കാർ, ദരിദ്ര കുടുംബങ്ങള്‍ എന്നിവരടക്കം 1,30,16,104 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. 2027ലെ പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച്, ജനുവരി മധ്യത്തില്‍ പദ്ധതി ആരംഭിക്കും. പദ്ധതിക്കായി പ്രതിവർഷം 4,000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും വിജയ് വ്യക്തമാക്കി.






