
അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്ത അവസ്ഥ; സ്വര്‍ണാഭരണം പണിക്കൂലിയില്ലാതെ വാങ്ങാന്‍ അഡ്വാന്‍സ് ബുക്ക് ചെയ്തവർക്കും പണികിട്ടി; നിക്ഷേപം തിരികെ ചോദിച്ച് പാലക്കാട് ഷോറൂമില്‍ ബഹളം വച്ച് സ്ത്രീകള്‍; ഇൻകം ടാക്സ് റെയ്ഡ് പേടിച്ച് കോട്ടയം ടി ബി റോഡിലെ ഷോറൂം രണ്ടുദിവസമായി തുറക്കുന്നില്ല; കോട്ടയത്തും കോടികളുടെ നിക്ഷേപമെന്ന് സൂചന
എറണാകുളം: അല്‍ മുക്താദിര്‍ ജ്വല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
മണിചെയിന്‍ മാതൃകയിലാണ് സ്ഥാപനം കോടികള്‍ കൈപ്പറ്റിയത്. പഴയ സ്വര്‍ണം വാങ്ങുന്നതിന്റെ പേരിലും വലിയ തട്ടിപ്പാണ് നടത്തിയത്. മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്.
മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തി. ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്. സ്ഥാപനത്തിന്റെ തലവന്‍ വ്യക്തിപരമായ ആവശ്യത്തിന് പണം കടത്തിയെന്നും ഇന്‍കംടാക്‌സ് പരിശോധനയില്‍ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വ്യാപകമായി 30 ജ്വല്ലറികളിലാണ് ഇന്‍കംടാക്‌സ് പരിശോധന നടത്തിയത്. സ്വര്‍ണം സൂക്ഷിച്ചതിന് അടക്കം പലതിനും കണക്കില്ല. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. മുന്‍കൂര്‍ പണം വാങ്ങിയ ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്
ഈ പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. മുന്‍കൂര്‍ ഡിപ്പോസിറ്റ് സ്വീകരിക്കുന്ന മാര്‍ഗ്ഗം ജ്വല്ലറിയുടെ ഓരോ ശാഖകളിലും നടക്കുന്നുണ്ട്. പത്രങ്ങളിലെ പരസ്യം കണ്ട് നിരവധി ഉപഭോക്താക്കള്‍ വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങുന്നതിന് ഷോറൂമുകളില്‍ എത്തിയിരുന്നു. ഇവരിൽ നിന്നും വന്‍ തുക ഡെപ്പോസിറ്റ് ആയി സ്വീകരിച്ചതായാണ് കണ്ടെത്തൽ
മൂന്നും, ആറ് മാസവും, ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണ്ണം നല്‍കാമെന്ന് ഉറപ്പിന്മേലാണ് ഇങ്ങനെ ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ക്ക് സ്വര്‍ണ്ണം നല്‍കുന്നില്ല. പല ഉപഭോക്താക്കളും കടയടപ്പിക്കാതെ രാത്രി വെളുക്കുവോളം കടയ്ക്കു മുന്നിൽ തപസ്സിരുന്നു. മറ്റു ഷോറൂമുകളില്‍ നിന്നും സ്വര്‍ണം എത്തിച്ച് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രവണതയാണ് ഇപ്പോള്‍ ജ്വല്ലറിയില്‍ നടക്കുന്നത്.
നിക്ഷേപം തിരികെ ആവശ്യപ്പെട്ട് പാലക്കാട് ഷോറൂമില്‍ സ്ത്രീകള്‍ ബഹളം വെച്ചത് കഴിഞ്ഞ ദിവസമാണ് .വന്‍തോതില്‍ അൽമുക്താദീർ ജ്വല്ലറിയിൽ നിക്ഷേപം നടത്തി തട്ടിപ്പിനിരയായവര്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് . പല നിക്ഷേപകരുടെയും മക്കളുടെ വിവാഹം മുടങ്ങുന്ന അവസ്ഥയിലാണ് . കഴിഞ്ഞ ഒരു മാസത്തിലേറെയായി നിക്ഷേപകര്‍ കൂട്ടത്തോടെ ഷോറൂമുകളില്‍ സത്യാഗ്രഹം ഇരുന്നതാണ്. മൂന്ന് ദിവസമായി അതിനും കഴിയുന്നില്ല. കടയുടെ അടുത്തേക്ക് വരുന്ന നിക്ഷേപകരെ പോലീസ് അകത്തേക്ക് കയറ്റുന്നില്ല.
നിക്ഷേപകരുടെ പ്രതിഷേധത്തേയും ഇൻകം ടാക്സ് റെയ്ഡും പേടിച്ച് കോട്ടയം ടി ബി റോഡിലെ അൽ മുക്താദർ ജ്വല്ലറി ഷോറൂം രണ്ടുദിവസമായി തുറക്കുന്നില്ല. കോടികളുടെ നിക്ഷേപമാണ് കോട്ടയത്തും നടന്നിട്ടുള്ളതെന്നാണ് സൂചന.