
ഇലക്ട്രിക് സ്കൂട്ടറിന് പ്രതിമാസം 5000 രൂപയുടെ അറ്റകുറ്റപ്പണി, കൃത്യമായ സർവീസും ചെയ്തു തന്നില്ല: ഒടുവിൽ സ്വന്തം സ്കൂട്ടർ സർവീസ് സെന്ററിന്റെ മുൻപിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു യുവാവ്
ചെന്നൈ: തുടരെ തുടരെ ഇലക്ട്രിക് സ്കൂട്ടറിന് അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നതിൽ പ്രകോപിതനായ യുവാവ് സ്വന്തം സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു. തമിഴ്‌നാട് തിരുമുല്ലൈവയൽ സ്വദേശിയായ പാർത്ഥസാരഥി (38) ആണ് ഷോറൂമിന് മുന്നിൽ വച്ച് തന്റെ ഏഥർ ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചത്.
1.8 ലക്ഷം രൂപയ്ക്കാണ് മൂന്ന് വർഷം മുൻപ് പാർത്ഥസാരഥി ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ഒരു മാസത്തിനുള്ളിൽ തകരാറുകൾ കണ്ടുതുടങ്ങിയെന്ന് യുവാവ് പറയുന്നു. ഓരോ മാസവും വണ്ടിയുടെ അറ്റകുറ്റപ്പണികൾക്കായി ശരാശരി 5000 രൂപ മാത്രം മാറ്റിവയ്ക്കേണ്ടതായി വന്നിരുന്നു.
ഓരോ 5000 കിലോമീറ്ററിലും ബെയറിംഗുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും സ്പെയർ പാർട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് സർവീസ് സെന്റർ സർവീസ് നീട്ടിവയ്ക്കുകയും ചെയ്തു. ബ്രേക്ക് പാഡുകളും വീൽ ബെയറിംഗുകളും ബെൽറ്റും മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടതിൽ കൂടുതൽ നിരാശനാവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സർവീസ് സെന്ററിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ തീയണയ്ക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് യുവാവിനെ അനുനയിപ്പിച്ചത്.