
സിബിഐ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് ; തട്ടിയെടുത്തത് 49 ലക്ഷം; രണ്ട് യുവതികൾ അറസ്റ്റിൽ ; പത്തനംതിട്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: സിബിഐയിൽ നിന്നെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് നടപടി.
ഐടി ജീവനക്കാരിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ജൂൺ എട്ടിനാണ് യുവതിക്ക് ആദ്യ ഫോൺ കോൾ വരുന്നത്. വീട്ടമ്മയുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഹിന്ദിയിൽ സംസാരിച്ച ഇവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ഇടപാടിനും രസീത് നൽകും. വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച് പണം തിരികെ കൊടുത്തു. എന്നാൽ ഒടുവിൽ 49,03,500 രൂപ സംഘം കൈക്കലാക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ യുവതി കോയിപ്രം പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് കണ്ടെത്തി.
അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്‍റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടുന്നത്. കമ്പോഡിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘത്തെ ഇവരിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.