തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ അമ്മയ്ക്കെതിരെ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതിനു യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച 22കാരന് അറസ്റ്റില്‍.
ബ്ലേഡ് കൊണ്ട് യുവാവിന്റെ ശരീരം വരഞ്ഞും കൈകളില്‍ സ്റ്റാപ്ലര്‍ പിന് അടിച്ചു കയറ്റിയും മൃഗീയമായി പരുക്കേല്പിച്ച അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടില്‍ ഷാന്‍ ഷിബുവിനെയാണ്(22) എറണാകുളത്തുനിന്ന് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയെ കുറിച്ച് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത പുളിയറക്കോണം സ്വദേശിയായ യുവാവിനെയാണ് ഷാന്‍ അതിക്രൂരമായി ആക്രമിച്ചത്. മര്‍ദിച്ച് അവശനാക്കിയെന്നും പൊലീസില്‍ പരാതി ലഭിച്ചു.
തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേല്പിച്ചെന്നും കൈകളില്‍ മുപ്പതോളം സ്റ്റാപ്ലര്‍ പിന് അടിച്ചു കയറ്റിയെന്നും പരാതിയിലുണ്ട്.
സംഭവത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലും വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍പോയ പ്രതിയെ പിടികൂടുന്നതിനായി ഫോര്‍ട്ട് സിഐ ആര്.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.
എസ്ഐ ജഗ്മോഹന് കൃഷ്ണമോഹന്, സിപിഒമാരായ റഷീദ്, അജീഷ്, ശരത്ത് എന്നിവരും ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






