കോട്ടയം : രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് തടയിടാൻ നടപടിയുമായി മാടപ്പള്ളി പഞ്ചായത്ത്. കൃഷിയിടങ്ങൾ കുത്തിമറിയ്ക്കുന്ന, ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് ഷൂട്ടറെ നിയോഗിച്ചു. പാലാ പൂവരണി സ്വദേശി തമ്പി തോമസാണ് ഷൂട്ടർ. കാട്ടുപന്നി ശല്യം വ്യാപകമായ പ്രദേശങ്ങളിൽ ഷൂട്ടറും സംഘവും പരിശോധന നടത്തും.
കാട്ടുപന്നി ശല്യത്തിനു പരിഹാരം വേണമെന്ന നാട്ടുകാരുടെ നാളുകളായുള്ള ആവശ്യത്തിനാണ് അനുകൂല നടപടിയുണ്ടായത്. പന്നിശല്യം കർഷകർക്ക് കടുത്ത തലവേദനയായിരുന്നു. ആക്രമണത്തിൽ കൃഷിയിടങ്ങൾ വ്യാപകമായി നശിച്ചതോടെ ഒട്ടേറെ പേർ കൃഷി ഉപേക്ഷിക്കുകയും ചെയ്തു. കർഷക സഭകളിലും പഞ്ചായത്തിലും വിഷയം പലതവണ ചർച്ചയായി.
പകൽസമയങ്ങളിൽ പോലും കാട്ടുപന്നികളുടെ സാന്നിധ്യം ഭീഷണിയായി. ആക്രമിക്കാനായി ചീറിയടുത്ത കാട്ടുപന്നിയിൽ നിന്നു ആളുകൾ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. കുട്ടൻചിറ, പരപ്പൊഴിഞ്ഞാൽ, കൊരണ്ടിത്താനം, മുണ്ടുകുഴി, റീത്തുപള്ളി എന്നിവിടങ്ങളിലും കറുകച്ചാൽ, കുന്നന്താനം പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന മേഖലകളിലുമാണ് കാട്ടുപന്നി ശല്യം രൂക്ഷം.






