അയർക്കുന്നം : അയർക്കുന്നം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ അമയന്നൂർ ആറാട്ടുകടവിന് സമീപം പഞ്ചായത്ത് റോഡിൽ അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നത് പതിവ് സംഭവമാകുന്നു. പൊതുവേ വീടുകൾ കുറവായ പ്രദേശം കേന്ദ്രീകരിച്ചാണ് ഇവിടെ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്.
അസഹ്യമായ ദുർഗന്ധം മൂലം വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്. മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായതോടെ ഈ പ്രവണത അവസാനിപ്പിക്കണമെന്ന് വാർഡ് മെമ്പർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇപ്പോഴും മാലിന്യങ്ങൾ പൊതു സമൂഹത്തിന് ദോഷകരമായ രീതിയിൽ റോഡിൽ തള്ളുന്നത് തുടരുകയാണ്. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ എത്രയും വേഗം കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.






