കോട്ടയം : കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.40 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുൻ ക്ലർക്ക് അഖില്‍ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും.
പണം എങ്ങനെ ചെലവഴിച്ചു എന്നും ബാക്കി തുക എവിടെയൊക്കെയുണ്ടെന്നും പൂർണ്ണമായി കണ്ടെത്താനാണ് ഈ നടപടി. കേസിന്റെ തുടക്കം മുതലുള്ള അന്വേഷണ നാള്‍വഴികള്‍ വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് ഹാജരാക്കണമെന്ന് വിജിലൻസ് കോടതി ജഡ്ജി കെ.വി. രജീനിച്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എസ്.പി. ആർ. ബിനു റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം പ്രതിയായ അഖില്‍ സി. വർഗ്ഗീസിനെ കൂടാതെ പ്രതിപ്പട്ടികയിലുള്ള 16 ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികളുടെ മുഴുവൻ മൊഴികളും വിജിലൻസ് രേഖപ്പെടുത്തുകയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി തട്ടിയെടുത്ത പണം ഇവർക്ക് നേരിട്ടോ അല്ലാതെയോ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. തട്ടിപ്പ് കാലയളവില്‍ പ്രതികളില്‍ ആരെങ്കിലും സ്ഥലം വാങ്ങിയിട്ടുണ്ടോ എന്നറിയാൻ രജിസ്ട്രേഷൻ ഐ.ജിക്ക് വിജിലൻസ് കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ, അക്കാലയളവിലെ ഇവരുടെ ഫോണ്‍, വാട്സാപ്പ് സന്ദേശങ്ങളും പരിശോധിക്കും.
ഒന്നാം പ്രതിയായ അഖിലിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകള്‍ കണ്ടെത്തുകയും, ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ബാങ്ക് ഇടപാടുകള്‍ വഴി വാങ്ങിയ വാഹനങ്ങളുടെയും ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിച്ച് ഇവ കണ്ടുകെട്ടാൻ വിജിലൻസ് ഡിവൈ.എസ്.പി. ടി.ആർ. പ്രദീപ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. വിജിലൻസ് സി.ഐ ബി. മഹേഷ് പിള്ള സ്ഥലം മാറിയതോടൊപ്പം സി.ഐ ഉമറുല്‍ ഫാറൂഖിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല.
കോട്ടയത്തു നിന്ന് വൈക്കത്തേക്ക് സ്ഥലം മാറിയിട്ടും അഖിലിന് കോട്ടയത്തെ ഓഫീസില്‍ എത്തി തട്ടിപ്പ് തുടരാൻ അവസരമൊരുക്കിയത് ഇവിടത്തെ ജീവനക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈക്കം നഗരസഭയിലെ അന്നത്തെ സെക്രട്ടറിയെയും വിജിലൻസ് സംഘം ചോദ്യം ചെയ്യും. ഔദ്യോഗികമായി ചുമതലപ്പെടുത്താത്ത ഒരു ജീവനക്കാരൻ സർവീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടും, രണ്ട് നഗരസഭകളിലെയും ഉന്നത ഉദ്യോഗസ്ഥർ നടപടി എടുത്തിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. കേസ് നവംബർ 6-ന് കോടതി വീണ്ടും പരിഗണിക്കും. അഡ്വ. കെ.കെ. ശ്രീകാന്ത് ആണ് വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ






