കോട്ടയം: ജില്ലയില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു, പടിഞ്ഞിറൻ മേഖല ആശങ്കയില്‍.
ഇന്നും റെഡ് അലേർട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ പകൽ നന്നായി വെള്ളമിറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ വീട് വൃത്തിയാക്കാൻ ക്യാമ്പുകളിൽ നിന്ന് പോയവർ വൈകാതെ തിരിച്ചെത്തി. വീണ്ടും വെള്ളം കയറിയതാണ് കാരണം. ഇതോടെ ക്യാമ്പ് ജീവിതം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്ന് കരുതുന്നു.
ഇന്നലെ ഉച്ചയോടെയാണു ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ തീവ്ര മഴകള്‍ പെയ്തിറങ്ങുകയും ചെയ്തു. ഇതോടെ, ഇനിയും വെള്ളമിറങ്ങാത്ത പടിഞ്ഞാറന്‍ മേഖലകളില്‍ ഭീഷണി വര്‍ധിച്ചിരിക്കുകയാണ്.
തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളുടെ ഭൂരിഭാഗവും വെള്ളത്തിലാണ്.
കുമരകം പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭാ പരിധികളിലും ദുരിതം തുടരുകയാണ്.
ഇവിടങ്ങളിലെല്ലാം നൂറുകണക്കിനു വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഗ്രാമീണ റോഡുകളും മുങ്ങിക്കിടക്കുന്നതിനാല്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലായിട്ടില്ല.
അയര്‍ക്കുന്നം, മണര്‍കാട് പഞ്ചായത്തുകളിലെ വീടുകളില്‍ നിന്നു വെള്ളമിറങ്ങി.
വിജയപുരം പഞ്ചായത്ത് പരിധിയില്‍ ഇപ്പോഴും റോഡുകള്‍ പലതും വെള്ളത്തിലാണ്. മഴയെത്തുടർന്ന് ജില്ലയില്‍ 139 ദുരിതാശ്വാസ ക്യാമ്പുകളിലായി 12063 പേരാണ് കഴിയുന്നത്.
വെള്ളമിറങ്ങുന്നതോടെ ഇന്നും നാളെയുമായി വീടുകളിലേക്കു മാറാം എന്ന വിശ്വാസത്തിലായിരുന്നു ഭൂരിഭാഗം പേരും.
എന്നാല്‍, മഴ വീണ്ടും ശക്തിപ്പെട്ടതോടെ ആശങ്കയും വര്‍ധിക്കുകയായിരുന്നു.
തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ വീടുകളില്‍ ഇപ്പോഴും വെള്ളമാണ്.
രണ്ടടി വരെ താഴ്ന്നിട്ടുണ്ടെങ്കിലും മിക്ക വീടുകളിലും തറയിലെ വെള്ളക്കെട്ട് ഒഴിവായിട്ടില്ല.
വഴികളും പുരയിടങ്ങളുമെല്ലാം വെള്ളത്തിലാണ്. കൃഷികള്‍ പൂര്‍ണമായി വെള്ളത്തില്‍ നശിച്ച അവസ്ഥയിലാണ്. നെല്‍ക്കര്‍ഷകരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
വളര്‍ത്തു മൃഗങ്ങളുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇപ്പോഴും പശുക്കളെയും ആടുകളെയും തൊഴുത്തുകളിലേക്കും കോഴികളെ കൂടുകളിലേക്കും തിരികെ കൊണ്ടു വരാന്‍ കഴിയാത്ത അവസ്ഥയാണ്.
പലരുടെയും കോഴികള്‍ ചത്തു നശിച്ചു. യഥാസമയം തീറ്റ നല്കാന് കഴിയാതെയും കറവ നടത്താന്‍ കഴിയാതെയും പശുക്കളുടെ പാലുത്പാദനം കുറയുകയും അകിടുവീക്കം ഉള്പ്പെടെയുണ്ടാകുകയും ചെയ്യുന്നു.
മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍, പ്രതിസന്ധി ഗുരുതരമാകുമെന്നു പടിഞ്ഞാറന്‍ നിവാസികള്‍ പറയുന്നു.
സമീപകാലത്ത് ഇതാദ്യമാണ് ഇത്രയും ദിവസം വെള്ളം ഉയര്‍ന്നു നില്‍ക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങള്‍ വെള്ളത്തില്‍ മുങ്ങി നില്ക്കുന്നതു വീടുകളുടെയും ഇതര കെട്ടിടങ്ങളുടെയും ബലക്കുറവിനും കാരണമാകും.
ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഇടിഞ്ഞു നശിക്കാനുള്ള സാധ്യതയുമേറെയാണ്.






