കോട്ടയം: ആക്രി വാഹനങ്ങൾ മോഷ്ടിക്കാൻ എത്തിയ ഇതര സംസ്ഥാനക്കാരൻ പോലീസ് ഉദ്യോഗസ്ഥന്റെ കാറും നോട്ടമിട്ടു. ചില്ല് തകർത്ത് കൊണ്ടുപോകാൻ ശ്രമം നടത്തി ഒടുവിൽ അകത്തായി. അസം സ്വദേശി അറസ്റ്റില്‍. അസം സ്വദേശിയായ സിറാജുള്‍ ഇസ്ലീമി(24)നെയാണ് അറസ്റ്റ് ചെയ്തത്.
ചിങ്ങവനം പോലീസ് സ്റ്റേഷനു മുന്നില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനത്തില്‍ മോഷണ ശ്രമം, പോലീസ് ഉദ്യോഗസ്ഥൻ്റെ കാറും മോഷ്ടിക്കാൻ ശ്രമിച്ചു.
പോലീസ് പിടിക്കുന്ന വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷൻ കോമ്പൗണ്ടില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന് സ്റ്റേഷനു മുന്നിലെ എംസി റോഡരികിലാണ് പാർക്ക് ചെയ്യുന്നത്.ഇതിനു സമീപത്തായി തന്നെയാണ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വാഹനം പാർക്ക് ചെയ്യുന്നതും.
അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍ നിന്നും സാധനങ്ങള്‍ എടുത്ത ശേഷമാണ് പ്രതി കാർ മോഷ്ടിക്കാനായി എത്തിയത്. തുടർന്ന്, കാറിന്റെ ഒരു വശത്തെ മൂന്ന് ചില്ലുകള്‍ തല്ലിത്തകർത്തു.
സംഭവം അറിഞ്ഞ ശേഷം പോലീസ് സംഘം പ്രദേശത്തെ അൻപതോളം സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയത്.
തുടർന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീസ്, എസ്.ഐമാരായ പ്രവീണ്‍, എസ്.കൃഷ്ണകുമാർ, സിവില്‍ പോലീസ് ഓഫിസർമാരായ സുമേഷ് , സാല്‍ബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.






