കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയില്‍ (കുസാറ്റ്) വിവിധ അധ്യാപക തസ്തികകളില്‍ ടെന്യൂർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
മറൈൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് സെപ്റ്റംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
മറൈൻ/മെക്കാനിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ നേവല്‍ ആർക്കിടെക്ചറില്‍ ബി ടെക് യോഗ്യതയും ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി യോഗ്യതയുമുള്ളവർക്ക് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ 12 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഇതില്‍ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മർച്ചന്റ് ഷിപ്പുകളില്‍ ചീഫ് എഞ്ചിനീയർ ഓഫീസറായി പ്രവർത്തിച്ച പരിചയവും ഉണ്ടായിരിക്കണം. ഈ തസ്തികയില്‍ പ്രതിമാസം 1,25,000 രൂപ ശമ്പളമായി ലഭിക്കും.
25,000ത്തിലധികം ഒഴിവുകള്‍; എഴുത്തുപരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസില്‍ ജോലി നേടാൻ അവസരം
ഗണിതശാസ്ത്രത്തില്‍ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും യു ജി സി/സി എസ് ഐ ആർ നെറ്റ് യോഗ്യതയുമുള്ളവർക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി നേടിയവർക്കും അവസരമുണ്ട്. 45,000 രൂപയാണ് ഇവർക്ക് പ്രതിമാസ ശമ്പളം ലഭിക്കുക.
അഞ്ച് വർഷമാണ് നിയമനത്തിന്റെ പ്രാരംഭ കാലാവധി. പൊതു വിഭാഗക്കാർക്ക് 950 രൂപയും എസ് സി/എസ് ടി വിഭാഗക്കാർക്ക് 195 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച ശേഷം, അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെപ്റ്റംബർ 22നകം രജിസ്ട്രാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.






