തിരുവനന്തപുരം : സ്വകാര്യ കമ്പനിയായ ജിഎന്എയില് നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ഹിമാചല്‍ വൈദ്യുതിയും ജിഎന്‍എ വൈദ്യുതിയുമാണ് മുന്‍പിലുണ്ടായിരുന്ന ഓപ്ഷന്‍സ്. തമ്മില്‍ ലാഭകരം ജിഎന്‍എ ആയിരുന്നു. ഹിമാചല്‍ വൈദ്യുതി അപ്പോള്‍ തന്നെ പോയിരുന്നു എന്നും മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ട്. വൈദ്യുതി വിവാദം മന്ത്രിസഭയും ചര്‍ച്ച ചെയ്തില്ല. വിഷയം ആരും യോഗത്തില്‍ ഉന്നയിച്ചില്ല.
ജിഎന്എയുമായി ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള തെറ്റായ വാര്‍ത്തകളാണ് വരുന്നത്. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഫയല്‍ വന്നു. രണ്ട് ഓപ്ഷനുകളാണ് അതില്‍ ഉണ്ടായിരുന്നത്. ഹിമാചലിന്റെ വൈദ്യുതി 14.50 രൂപയ്ക്ക് വാങ്ങണോ ജിഎന്‍എയുടെ വൈദ്യുതി 8.60 പൈസയ്ക്ക് വാങ്ങണോ എന്നുള്ള നിര്‍ദേശം വന്നു. ഹിമാചല്‍ അപ്പോള്‍ തന്നെ പോയിരുന്നു. ജിഎന്‍എ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരെ പോയി കരാര്‍ ഉണ്ടാക്കിയിട്ടില്ല. കൂട്ടത്തില്‍ ലാഭകരം ജിഎന്‍എ ആയിരുന്നു. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി വിവാദത്തില്‍ കെഎസ്ഇബിയെയാണ് മുഖ്യമന്ത്രി വി ഡി സതീശന് പഴിചാരുന്നത്. പവര്‍കട്ട് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. തെറ്റിദ്ധരിപ്പിച്ചതാണോ അല്ലയോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി ഉണ്ടാകുമെന്ന റിപോര്‍ട്ടില്‍ പരിശോധന ഉണ്ടാകുമെന്നും എങ്ങനെ എന്ന് തീരുമാനിച്ചിട്ടില്ലെന്നും വിഡി സതീശന് പറഞ്ഞു.






