വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. പേവിഷ ബാധ സംശയിക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്തതോടെ ജനം തീരാ ദുരിതത്തിൽ.
വല്ലകം തുറുവേലിക്കുന്നിന് സമീപം കളപ്പുരക്കൽ രാധിക-പവനൻ ദമ്പതികൾ വളർത്തിയ കറവയുള്ള പശുവാണ് കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചത്തത്.
വീട്ടിൽ ആളില്ലാത്ത ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പേവിഷബാധ സംശയിക്കുന്ന തെരുവുനായയുടെ കടിയേൽക്കുകയായിരുന്നു.
പിറ്റേന്ന് മുതൽ പശു നിർത്താതെ കരഞ്ഞതോടെ കുടുംബം മൃഗഡോക്ടറുടെ സഹായം തേടി. ഡോക്ടറുടെ പരിശോധനയിൽ പേവിഷബാധ സ്ഥിരീക്കുകയും പശുവിന് കുത്തിവയ്പ്പ് നൽകുകയും ചെയ്തു. എന്നാൽ അടത്ത ദിവസം ഉച്ചയോടെ പശു ചത്തു.
ദിവസം 12 ലിറ്റർ പാൽ കറന്നിരുന്ന പശുവാണ് ചത്തത്.പശുവിന് ഒപ്പം നിന്നിരുന്ന കിടാവിനും കടിയേറ്റതായി സംശയമുണ്ടായെങ്കിലും ചികിത്സയിൽ കിടാവ് സുഖം പ്രാപിക്കുന്നതായി കുടുംബം പറഞ്ഞു.
ഹൃദയസംബന്ധമായ ചികിത്സയിലുള്ള പവനനും വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് പരിക്കേറ്റു പണിയെടുക്കാനാകാത്ത സ്ഥിതിയിലായ രാധികയ്ക്കും മരുന്നിനും മറ്റുചെലവുകൾക്കും പശുവിൽ നിന്നുള്ള വരുമാനം വലിയ ആശ്വാസമായിരുന്നു.
ആദ്യ പ്രസവം നടന്ന് നാലുമാസം മാത്രമായ പശു ചത്തത് കുടുംബത്തിന് കടുത്ത പ്രഹരമായി. തെരുവുനായ്ക്കൾ കൂട്ടമായി വീട്ടുവളപ്പിലേക്ക് കുരച്ചെത്തുന്നത് ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കടുത്ത ഭീഷണി ഉയർത്തുകയാണെന്ന് രാധിക പറഞ്ഞു.
അതേസമയം പേയിളകി ചത്ത പശുവിനെ കടിച്ച തെരുവുനായയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ നായ മറ്റു നായ്ക്കളെ കടിച്ചിട്ടുള്ളതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.






