ചങ്ങനാശേരി: ഓണ ദിനങ്ങള്‍ അടുത്തതോടെ ചങ്ങനാശേരിയില്‍ ഗതാഗത കുരുക്കു രൂക്ഷമായി. ഇന്നലെ പകല്‍ മുഴുവന്‍ ഏറെനേരം കാത്തു നിന്നാണു വാഹനങ്ങള്‍ കടന്നുപോയത്. ആംബുലന്‍സുകള്‍ അടക്കം കുടുങ്ങി കിടക്കുകയും ചെയ്തു.
പെരുന്ന മന്നം ജങ്ഷന് മുതല്‍ എസ്.ബി കോളജ് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിരകാണാമായിരുന്നു.
അധികൃതര്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും അതു പൂര്‍ണമായി സാധിക്കാതെ വന്നതാണു ഗതാഗത കുരുക്കു വര്ധിക്കുവാന് കാരണമായത്. ചന്ത ഭാഗത്തേയ്ക്കു തിരിയുന്ന ഭാര വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡില്‍ ഗതാഗതകുരുക്കില്‍ കുടുങ്ങി കിടക്കുന്നതും എം.സി റോഡിലെ കുരുക്കു വര്ധിക്കുവാന് കാരണമായി.
പാലത്ര ബൈപാസ് റോഡില്‍ നിന്നും ഭാര വാഹനങ്ങളെ വഴി തിരിച്ചു പൂര്‍ണമായും വിടാത്തതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അനധികൃത പാര്‍ക്കിങും വഴിയോര കച്ചവടവും കൂടി ആകുന്നതോടെ തിരക്കു കൂടുന്ന നിലയിലാണ്.
നേരത്തെ കോട്ടയം ഭാഗത്തു നിന്നും എ.സി റോഡിലേക്കു പോകേണ്ട വാഹനങ്ങള്‍ ടൗണില്‍ എത്താതെ തുരുത്തിയില്‍ നിന്നും കിടങ്ങറ ഭാഗത്തേയ്ക്കാണു പോയിരുന്നത്. എന്നാല്‍, തുരുത്തി - കിടങ്ങറ റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആലപ്പുഴയിലേക്കു പോകേണ്ട വാഹനങ്ങളും നിലവില്‍ ടൗണില്‍ എത്തി ആണു പോകുന്നത്. ഇതും തിരക്കു കൂടാന്‍ കാരണമാകുന്നു.
കോടിമത മുതല്‍ മതുമൂല വരെ എത്തുന്ന ഭാഗത്ത് ഏറെ പണിപ്പെട്ടാണു വാഹനങ്ങള്‍ കടന്നു പോകുന്നത്. മണിപ്പുഴയിലും സിമന്റ് കവലയിലും ചിങ്ങവനത്തും കുറിച്ചി ഓട്ട്പോസ്റ്റിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഇന്നലെ പകല്‍ മുഴുവന്‍. സിഗ്നല്‍ ലൈറ്റുകളുടെ പുനക്രമീകരണം ഇവിടങ്ങളില്‍ വേണമെന്നു വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.






