നിരവധി പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ജൂഡ് ആന്റണി ജോസഫ് ചിത്രം ‘തുടക്കം’ ആദ്യ പ്രദർശനങ്ങൾക്ക് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. കൂടാതെ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന വാർത്തകളും ചിത്രത്തോടുള്ള പ്രേക്ഷക ആവേശം വർധിപ്പിച്ചിരുന്നു.
ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരിൽ പലരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അനുഭവമാണ് സിനിമ നൽകുന്നതെന്നാണ് പ്രതികരണങ്ങൾ. കാമിയോ റോളിലെത്തിയ മോഹൻലാലിന്റെ പ്രകടനത്തിനും മികച്ച കൈയടിയാണ് ലഭിക്കുന്നത്.
പ്രമോഷൻ അഭിമുഖങ്ങളിൽ കണ്ട വിസ്മയയല്ല സിനിമയിൽ കാണുന്നതെന്നും, മാർഷ്യൽ ആർട്സ് രംഗങ്ങളിലടക്കം താരം മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. രണ്ടാം പകുതിയിൽ ആരാധകർക്ക് ആഘോഷിക്കാനുള്ള മുഹൂർത്തങ്ങളുണ്ടെന്നും പ്രതികരണങ്ങളുണ്ട്.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ സായികുമാർ, ചിപ്പി രഞ്ജിത്ത്, മനോജ് കെ. ജയൻ, ഗണേഷ് കുമാർ, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.






