കോട്ടയം:
കോട്ടയം നഗരത്തിൽ തട്ടുകടകൾക്കും ബജിക്കടകൾക്കും ഏർപ്പെടുത്തിയ സമയനിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. നഗരപരിധിയിലെ ഭൂരിഭാഗം കടകളും പഴയ സമയക്രമം തന്നെ പിന്തുടരുന്നതായും നടപ്പാത കൈയേറിയുള്ള വ്യാപാരം തുടരുന്നതായും പരാതിയുണ്ട്.
നഗരസഭയുടെ തീരുമാനപ്രകാരം ബജിക്കടകൾ വൈകിട്ട് 4 മുതൽ 8 വരെയും തട്ടുകടകൾ രാത്രി 8 മുതൽ 12 വരെയും മാത്രമാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ പല ബജിക്കടകളും ഉച്ചയോടെയും തട്ടുകടകളും വൈകുന്നേരം മുതലും പ്രവർത്തനം ആരംഭിക്കുന്നതായാണ് ആരോപണം.
നാഗമ്പടം, സെൻട്രൽ ജങ്ഷൻ, കെ.എസ്.ആർ.ടി.സി, ടി.ബി. റോഡ് എന്നിവിടങ്ങളിൽ നടപ്പാത കൈയേറിയുള്ള വ്യാപാരം ഇപ്പോഴും സജീവമാണ്. ചില തട്ടുകടകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നതായും സാമൂഹിക വിരുദ്ധരുടെ താവളങ്ങളായി മാറുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
സമയനിയന്ത്രണം കർശനമായി നടപ്പാക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും നടപടികൾ കാര്യക്ഷമമല്ലെന്നാണ് വിമർശനം. ചില തട്ടുകടകൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതാണ് നിയന്ത്രണം പൂർണമായി നടപ്പാകാതിരിക്കാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.






