കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തിയിരിക്കയാണെങ്കിലും നീരൊഴുക്ക് തടസ്സപ്പെടുത്തി പോള ക്കുട്ടവും പുൽക്കെട്ടും തിങ്ങി നിറഞ്ഞു . ഇതോടെ വെള്ളമൊഴുക്ക് തടസപ്പെട്ടു. കിഴക്കൻ മലവെള്ളം ഒഴുകി കടലിൽ പോകുന്നതിനുള്ള തടസം നീക്കിയില്ലെങ്കിൽ അപ്പർ കുട്ടനാട്ടിൽ നിന്നും വെള്ളം ഉടനെങ്ങും ഇറങ്ങി പോകില്ല .
കിഴക്കൻ വെള്ളം ഒഴുകി പോകേണ്ട ആറുകളും വേമ്പനാട്ടുകായലും ആഴവും വീതിയും കുറഞ്ഞതാണ് ദിവസങ്ങൾ ആയിട്ടും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതത്തിന്റെ പ്രധാന കാരണം.
അതോടൊപ്പം ബണ്ടിനടിയിലൂടെയുള്ള ഒഴുക്ക് തടഞ്ഞ് പോളയും മാലിന്യങ്ങളും കിടക്കുന്നത് വെള്ളപ്പൊക്ക ദുരിതം വർധിക്കുന്ന സാഹചര്യത്തിലേക്ക് എത്തി. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് വേണ്ട നടപടികൾ ഇറിഗേഷൻ വകുപ്പ് എത്രയും വേഗം സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും.
തോട്ടപ്പള്ളി വിരിയിലെ മണ്ണ് നീക്കാതെ കിടക്കുന്നതും വെള്ളപ്പൊക്കത്തിന്റെ തീവ്രതക്ക് കാരണമാണ്. വിരിപ്പു കൃഷിയിറക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷമായി ഉണ്ടായ വലിയ വെള്ളപ്പൊക്കം വൻ കൃഷി നാശത്തിനും കാരണമായി കഴിഞ്ഞു.
ഈ സീസണിലെ വർഷ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലനില്ക്കുന്നത്. ഇറിഗേഷൻ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ നീരൊഴുക്ക് സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് അപ്പർ കുട്ടനാട്ടുകാരുടെ ആവശ്യം






