വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജില്‍ കെ.എസ്.യു - എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും പോലീസിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലും രണ്ട് ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
മിടായിക്കുന്നം ഓലോത്തുമ്യാലില് അബ്ദുല്‍ അസീസ് (32), മുത്തനാട്ടില് മുഹമ്മദ് റഫ്സല്‍ (30) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ തലയോലപ്പറമ്പ് സബ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് ആകെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച കോളജിന് മുന്നില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് കൊടിമരം സ്ഥാപിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. കെ.എസ്.യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പ്രകോപനപരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളിക്കുകയായിരുന്നു.
കോളജ് വളപ്പില്‍ നിന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ ചെടിച്ചട്ടികള്‍ എറിയുകയും കെ.എസ്.യു സ്ഥാപിച്ച കൊടി കീറി കൊടിമരം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
സംഘർഷത്തില്‍ 4 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും 2 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. തുടർന്ന് വൈകിട്ട് പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു സ്ഥാപിച്ച കൊടിമരം എടുത്ത് മാറ്റി. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീണ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു.






