തിരുവനന്തപുരം : ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടിജി മോഹൻദാസിന് ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചത്. സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ടിജി മോഹൻദാസ് ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഹാജരാകേണ്ടത്.
ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് ടി ജി മോഹൻദാസിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ടി ജി മോഹൻദാസിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ അധിക്ഷേപ പരാമർശം നടത്തിയ വീഡിയോയും ടിജി മോഹൻദാസിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും അറസ്റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയത്.






