കോട്ടയം: നഴ്സിങ് പഠനത്തിന് സീറ്റ് വാഗ്ദാനം ചെയ്ത് 70ലേറെ വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നാഗമ്പടത്തെ ‘വേ ടു സ്റ്റഡി’ എന്ന റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ മെഡിക്കൽ കോളജിൽ നഴ്സിങ് പഠനത്തിന് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി.
ഒരു വിദ്യാർഥിയിൽ നിന്ന് 1.42 ലക്ഷം മുതൽ 2.42 ലക്ഷം രൂപ വരെ വാങ്ങിയതായും പരാതിയിൽ പറയുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും സ്ഥാപനം കൈവശപ്പെടുത്തിയിരുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു.
വിദ്യാർഥികളും രക്ഷിതാക്കളും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വെസ്റ്റ് പൊലീസ് സ്ഥാപനത്തിലെത്തി മൊഴി രേഖപ്പെടുത്തി.
അതേസമയം, വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി സ്ഥാപനത്തിലെത്തിയതോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും കേസെടുക്കുകയും ചെയ്തു.
നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് വൻതുക വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






