കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രി റോഡ്, റെയില്‍വേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ്, തിരുനക്കര ബസ് സ്റ്റാൻഡ്, കോടിമത മാർക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പകല്‍ പോലും തെരുവുനായകൂട്ടത്തെ പേടിച്ച് യാത്രചെയ്യേണ്ട അവസ്ഥയിലാണ് ആളുകള്‍.
തെരുവ് നായ ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികളും വീട്ടമ്മമാരും ഉൾപ്പടെ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം നഗരമധ്യത്തില്‍ നിരവധിയാളുകളെ പേവിഷബാധയേറ്റ നായ ആക്രമിച്ചിരുന്നു. അധികൃതർ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി കൃത്യമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
തെരുവുനായ നിയന്ത്രണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന അനിമല്‍ ബർത്ത് കണ്ട്രോള് പദ്ധതി കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പദ്ധതി തുടരുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും പ്രവർത്തനങ്ങള്‍ മന്ദഗതിയിലാണ്. കഴിഞ്ഞ ദിവസം വൈക്കം വെള്ളൂരില്‍ തെരുവുനായ ആക്രമണത്തില്‍ സ്ത്രീയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളൂർ ഷാപ്പിലെ ജീവനക്കാരൻ മോഹനൻ (60), സമീപവാസിയും അംഗപരിമിതനുമായ മണി (70), ഒരു വീട്ടമ്മ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
അയ്മനം പഞ്ചായത്തിലെ 17ാം വാർഡില്‍ ഇടമന ഉതുപ്പു വർഗീസിന്റെ 160 താറാവുകളെ തെരുവുനായകൂട്ടം കടിച്ചുകൊന്നിരുന്നു. സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെയും ആക്രമണമുണ്ടായി. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും വേഗത്തിലാക്കണം. ആക്രമണകാരികളായ നായ്ക്കളെ അടിയന്തരമായി പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






