കൊച്ചി: മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലഖക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട കൊല്ലങ്കോട് പെണ്‍കുട്ടിയുടെ അമ്മാവൻ.
കുട്ടിയുടെ അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും എറണാകുളത്ത് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറിയെന്നും ഇതോടെ അമ്മയുടെ അവസ്ഥ മോശമാവുകയും അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ആരോപണം.
വാളയാർ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെണ്‍കുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.
'2010-ലാണ് സഹോദരി ഭർത്താവിന്റെ വീട്ടില്‍നിന്ന് പിണങ്ങി രണ്ടു മക്കളുമായിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. ഭർത്താവിന്റെ വീട്ടില്‍നിന്ന് വളരെ മോശം സാഹചര്യത്തിലാണ് സഹോദരി കുട്ടികളുമായി വീട്ടിലേക്ക് വന്നത്. വരുമ്പോള്‍ തന്നെ സഹോദരിക്ക് പല കാര്യങ്ങളും കൃത്യമായി അറിയാത്ത തരത്തിലുള്ള മോശം മാനസികാവസ്ഥയിലായിരുന്നു.
ശാരീരികമായും ഭർത്താവിന്റെ വീട്ടില്‍ നിന്നും ഏറെ മർദ്ദനം ഏറ്റുവാങ്ങിയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. പിന്നീട് വീണ്ടും സഹോദരിയുടെ അവസ്ഥ മോശമായി. കൊല്ലങ്കോട് മുതല്‍ പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം അതുകഴിഞ്ഞ് മലപ്പുറം ഇത്രയും സ്റ്റേഷനുകള്‍ വരെ വിളിച്ചു വരുത്തി ഞങ്ങളെ ചോദ്യം ചെയ്തിരുന്നു.
ഇടവിട്ടുള്ള ദിവസങ്ങളില്‍ ഞങ്ങളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വെച്ച് നടത്തിയ ഒരു ചോദ്യം ചെയ്യലിലാണ് പെങ്ങള് കൂടുതല്‍ മാനസികമായി തകർന്നു പോയത്. അന്ന് ഐപിഎസ് ഉള്ള ഒരു മേഡമാണ് കേസ് അന്വേഷിച്ചിരുന്നത്. അവർ വളരെ മോശമായാണ് പെങ്ങളോട് പെരുമാറിയത്. മകളെ കൊലപ്പെടുത്തിയത് അവളാണെന്നും കൂട്ടു നിന്ന് എന്നെല്ലാം അവർ അവളോട് പറഞ്ഞു. അതില്‍ അവള് ആകെ തകർന്നുപോയി. അത്രക്കും മാരകമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍.






