കൊച്ചി: ശബരിമല തീർഥാടനത്തോടനബന്ധിച്ച് കേരളത്തിലേക്ക് നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലത്തേക്കാണ് സർവീസുകള്‍.
കാക്കിനട ടൗണ്‍ - കൊല്ലം, ചർലപ്പള്ളി - കൊല്ലം, മച്ചിലിപട്ടണം - കൊല്ലം റൂട്ടുകളിലാണ് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍. ജനുവരി വരെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. ട്രെയിനും ഷെഡ്യൂളും വിശദമായി അറിയാം.
കാക്കിനട ടൗണ്‍ - കൊല്ലം ശബരി സ്പെഷ്യല്‍ ട്രെയിൻ
07233 കാക്കിനട ടൗണ്‍ - കൊല്ലം സ്പെഷ്യല്‍ ട്രെയിൻ നവംബർ 19 മുതല്‍ 2027 ജനുവരി 21 വരെ 10 സർവീസുകളാണ് നടത്തുക. എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 08:20ന് കാക്കിനട ടൗണില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാത്രി 09:30നാണ് കൊല്ലത്തെത്തുക. മടക്കയാത്ര കൊല്ലം - കാക്കിനട ടൗണ്‍ സർവീസ് നവംബർ 21 മുതല്‍ 2027 ജനുവരി 23വരെ എല്ലാ ശനിയാഴ്ചകളിലും പുലർച്ചെ 02:30ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകീട്ട് 06:30ന് കാക്കിനടയിലെത്തും.
കേരളത്തില്‍ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.
ചർലപ്പള്ളി - കൊല്ലം സ്പെഷ്യല്‍ ട്രെയിൻ
07199 ചർലപ്പള്ളി - കൊല്ലം ശബരി സ്പെഷ്യല്‍ ട്രെയിൻ ഡിസംബർ 30 മുതല്‍ ജനുവരി 13 വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 10:40ന് ചർലപ്പള്ളിയില്‍ നിന്ന് പുറപ്പെടും. കൊല്ലം - ചർലപ്പള്ളി സ്പെഷ്യല്‍ ട്രെയിൻ ജനുവരി ഒന്ന് മുതല്‍ 15 വരെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:55നാണ് പുറപ്പെടുക.
ചർലപ്പള്ളി - കൊല്ലം വീക്ക്ലി സ്പെഷ്യല്‍ ട്രെയിൻ
07197 ചർലപ്പള്ളി കൊല്ലം സ്പെഷ്യല്‍ ട്രെയിൻ ഡിസംബർ 02, 09, 16, 23 ബുധനാഴ്ചകളില്‍ രാത്രി 11:45ന് പുറപ്പെട്ട് രണ്ടാം ദിവസം രാവിലെ 07:55ന് കൊല്ലത്തെത്തും. 07198 കൊല്ലം - ചർലപ്പള്ളി സ്പെഷ്യല്‍ ട്രെയിൻ ഡിസംബർ 04, 11, 18 തീയതികളില്‍ രാവിലെ 10:40ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട്, ശനിയാഴ്ചകളില്‍ വൈകീട്ട് 07:00 മണിയ്ക്ക് ചർലപ്പള്ളിയിലെത്തും.
മച്ചിലിപട്ടണം - കൊല്ലം സ്പെഷ്യല്‍ ട്രെയിൻ
07231 മച്ചിലിപട്ടണം - കൊല്ലം സ്പെഷ്യല്‍ ട്രെയിൻ നവംബർ 20, 27 വെള്ളിയാഴ്ചകളില്‍ വൈകീട്ട് 04:30ന് മച്ചിലിപട്ടണത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് വൈകീട്ട് 09:30ന് കൊല്ലത്തെത്തും. ട്രെയിൻ നമ്പർ 07232 കൊല്ലം - മച്ചിലിപട്ടണം സ്പെഷ്യല്‍ ട്രെയിൻ നവംബർ 22, 29 ഞായറാഴ്ചകളില്‍ പുലർച്ചെ 02:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:50 ന് മച്ചിലിപട്ടണത്തെത്തും.





