കോട്ടയം : സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിർമ്മാണത്തിനിടെ ഉണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കോട്ടയം പുതുപ്പള്ളി പത്തായക്കുഴി സ്വദേശിയായ അനീഷ് മോഹനെ (43) കാണാതായി. എൻഎച്ച്പിസിയിൽ സീനിയർ മാനേജർ (ജിയോളജിസ്റ്റ്) ആയി സേവനമനുഷ്ഠിക്കുന്ന അനീഷ് അപകടസമയത്ത് തുരങ്ക നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു. അപകടത്തിൽ 20 പേർ മരിച്ചപ്പോൾ അനീഷ് ഉൾപ്പെടെ അഞ്ച് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഏഴ് മാസം മുൻപാണ് അനീഷ് സിക്കിമിലേക്ക് സ്ഥലംമാറിയത്. ഭാര്യ സംഗീതയും സഹോദരനും ഭാര്യാസഹോദരനും സിക്കിമിലെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് മീഥെയ്ൻ ഉൾപ്പെടെയുള്ള വിഷവാതകങ്ങളുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
അനീഷ് 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിക്കുകയാണ്. നാട്ടിലെ വീട്ടിൽ പ്രായമായ മാതാപിതാക്കളാണുള്ളത്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സിക്കിം സർക്കാർ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.






