കൊച്ചി: സിഎംആർഎല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ മൊഴി പകർപ്പില്‍, ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സിഎംആർഎല്‍ എംഡി ശശിധരൻ കർത്ത.
ആശുപത്രിയില്‍ കിടക്കയില്‍ വെച്ചാണ് തന്നെ ചോദ്യം ചെയ്തത്. സിഎംആർഎല്‍ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശശിധരൻ കർത്ത പറയുന്നു.
സേവനമില്ലാതെ, ടി വീണയ്ക്ക് പണം നല്‍കിയെന്ന് ശശിധരൻ കർത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കല്‍ സത്യവാങ്മൂലം.
2024 ഏപ്രിലില്‍ ഇഡി എടുത്ത മൊഴി പിൻവലിക്കണമെന്ന് ശശിധരൻ കർത്ത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ കിടക്കയില്‍ ഉള്ള തന്നെ ഇഡി മാനസികമായി പീഡിപ്പിച്ചെന്നും ശശിധരൻ കർത്ത ആരോപിക്കുന്നു. ഇഡി ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തില്‍ ആശങ്കയുണ്ട് എന്ന് കുടുംബം പറയുന്നു.
നേരത്തെ സിഎംആർഎല്‍ മുൻ സിഎഫ്ഒ സുരേഷ്കുമാർ, പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് എന്നിവരും മൊഴി പിൻവലിക്കല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇഡി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഇവർ ആരോപിച്ചിരുന്നത്. എന്നാല്‍ ഇഡി ഇത് അംഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. മൊഴി പിൻവലിക്കണമെന്ന ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ഇഡി പറഞ്ഞിരുന്നു.






