കോട്ടയം: സർഗചേതനകളുടെ സംഗമഭൂമിയായി പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ. കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം 'സർഗസംഗമം 2026'ന് തുടക്കം കുറിച്ചു.
പ്രതിഭയുടെ പൂക്കാലം തീർത്ത് ഇരുപതിലധികം വേദികളിലായി സ്റ്റേജിതര മത്സരങ്ങൾ അരങ്ങേറി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി സാഹിത്യരചനകൾ, ചിത്രരചന, പെയിന്റിംഗ്, കൊളാഷ്, ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. കാഴ്ചക്കാർക്ക് നയനമനോഹരമായ ദൃശ്യവിരുന്നായി ബാൻഡ് ഡിസ്പ്ലേ മത്സരവും അരങ്ങേറി.മനോഹരമായ ബാന്റ് ഡിസ്പ്ലേ മത്സരത്തിൽ മേരി റാണി പബ്ലിക് സ്കൂൾ ളായിക്കാട്, ചങ്ങനാശ്ശേരി ഒന്നാം സ്ഥാനവും ചാവറ പബ്ലിക് സ്കൂൾ, പാലാ രണ്ടാം സ്ഥാനവും എസ്. എഫ്. എസ് പബ്ലിക് സ്കൂൾ, ഏറ്റുമാനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാമേളയുടെ പ്രധാന ആകർഷണമായ സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ വിവിധ വേദികളിലായി അരങ്ങേറും.
ജില്ലയിലെ 110 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി ആറായിരത്തിലധികം കുരുന്ന് പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്. കലയും സംസ്കാരവും ഒത്തുചേരുന്ന മികച്ച കലാമേളയ്ക്കാണ് ഡോൺ ബോസ്കോ സ്കൂൾ ഇത്തവണ വേദിയാകുന്നത്.






