റാന്നി : ശബരിമല തീർത്ഥാടകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമം. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അത്തിക്കയം അറയ്ക്കമണ്ണിൽ ഇടത്താവളം ഒരുങ്ങുന്നു.
79.2 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ.എച്ച് നിർവഹിച്ചു.
വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ ഇടപെടുകയും വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങിയശേഷം പദ്ധതിയൊരുക്കുകയായിരുന്നു. പാലത്തിനോട് ചേർന്നുള്ള സ്ഥലമായതിനാൽ പൊതുമരാമത്ത് പാലം വിഭാഗം അനുമതി നൽകാൻ വിമുഖത കാട്ടിയിരുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. വാർഡ് അംഗങ്ങളായ ഏബ്രഹാം വർഗീസ്, ബിജു ഇ.വി, ഉദയൻ, തോമസ് ജോർജ്, ശാന്തമ്മ അനിൽകുമാർ, രവി.എം.കെ, മാത്തുക്കുട്ടി ജോർജ് എന്നിവർ പങ്കെടുത്തു.
തീർത്ഥാടകർക്കായി ആധുനിക രീതിയിലുള്ള ടോയ്ലറ്റ് കോംപ്ലക്സും വിശ്രമമുറികളും.
കുടിവെള്ള സംവിധാനത്തിന് പുറമെ ഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക സ്ഥലവും ഒരുക്കും.
തീർത്ഥാടകർക്ക് രാത്രി വിരിവച്ച് വിശ്രമിക്കാൻ സൗകര്യം, ഹെൽപ്പ് ഡെസ്ക്, പമ്പയിൽ സുരക്ഷിതമായി കുളിക്കാൻ സൗകര്യം, ഇടത്താവള പരിസരത്ത് ഇന്റർലോക്ക് പാകൽ, വെളിച്ച സംവിധാനം.






