തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്കാൻ കഴിയില്ല.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ സെപ്റ്റംബർ 22-നകം കുറ്റപത്രം നല്‍കാനായിരുന്നു കോടതി നിർദേശം. മുൻ ദേവസ്വം അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസില്‍ 13 പേർക്കെതിരേയും കുറ്റപത്രം നല്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാല്‍, ഇതുവരെ എസ്ഐടി(പ്രത്യേക അന്വേഷണസംഘം) പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല.
നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചിരുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കം പ്രതിയായ ദ്വാരപാലക കേസില്‍ ശാസ്ത്രീയപരിശോധന ഫലമടക്കം ലഭിക്കാനുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, മുൻ ദേവസ്വം ബോർഡ് അംഗങ്ങളും മുൻ സർക്കാർ ഉദ്യോഗസ്ഥരും അടക്കം പ്രതികളായ കട്ടിളപ്പാളി കേസില്‍ ഇവർക്കെതിരേ കുറ്റപത്രം നല്കണമെങ്കില് സർക്കാരില്‍നിന്ന് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നല്‍കേണ്ടത്. എന്നാല്‍, ഹൈക്കോടതി അനുവദിച്ച സമയപരിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എസ്ഐടി ഇതുവരെ പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല. ഈ മാസം അവസാനത്തോടെ പ്രോസിക്യൂഷൻ അനുമതി തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതേസമയം, സെപ്റ്റംബർ 22-ന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ കുറ്റപത്രം വൈകുന്നതില്‍ എസ്ഐടി എന്ത് വിശദീകരണം നല്‍കുമെന്നതും ചോദ്യമാണ്.






