കൊച്ചി: ശബരിമലയില്‍ ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡർ യുവതിയെ പൊലീസ് തടഞ്ഞെന്ന പരാതിയില്‍ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി.
തമിഴ്നാട് സ്വദേശിയായ 48കാരി സത്യശ്രീ ശർമിള റഹ്മത്തലിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജി ഫയലില്‍ സ്വീകരിക്കാതെ നോട്ടീസിന് കോടതി നിർദേശിച്ചു.
വ്രതമെടുത്ത് ശബരിമലയില്‍ ദർശനത്തിനെത്തിയ തന്നെ ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താല്‍ പമ്പയില്‍വച്ച് പൊലീസ് തടഞ്ഞെന്നാണ് സത്യശ്രീയുടെ ആരോപണം. കഴിഞ്ഞ 20ന് ഗണപതി കോവിലിന് സമീപത്ത് വച്ചായിരുന്നു സംഭവം.
ട്രാൻസ്ജെൻഡറുകളെ മല കയറാൻ അനുവദിക്കരുതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് അറിയിച്ചാണ് പൊലീസ് തടഞ്ഞതെന്നും ഹർജിയില്‍ പറയുന്നു.
മുൻപ് ശബരിമലയില്‍ ദർശനം നടത്തിയിട്ടുള്ള തന്നെ ഇത്തവണ തടഞ്ഞത് വിവേചനപരമായ നടപടിയാണെന്നും സത്യശ്രീ ആരോപിച്ചു. ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും സംഭവം കടുത്ത മാനസിക വിഷമത്തിന് കാരണമായെന്നും അവർ വ്യക്തമാക്കി. ഹർജി സെപ്തംബർ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.






