കോട്ടയം: ഓണത്തോടനുബന്ധിച്ച് റേഷൻകടകള്‍ വഴി വിതരണം ചെയ്യുന്ന സ്പെഷല്‍ അരി കുക്കറില്‍ വേവിക്കരുതെന്ന് റേഷൻ വ്യാപാരികള്‍ക്ക് നിർദേശം.
അരി വളരെ വേഗത്തില്‍ വെന്ത് കുഴഞ്ഞുപോകാൻ സാധ്യതയുള്ളതിനാലാണ് പ്രത്യേകം നിർദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്നും വ്യാപാരികളോട് വാക്കാല്‍ നിർദേശിച്ചിട്ടുണ്ട്.
നിലവില്‍ ലഭിക്കുന്ന റേഷൻ ഭക്ഷ്യധാന്യത്തിന് പുറമെയാണ് ഓണം സ്പെഷല്‍ അരിയുടെ വിതരണം. നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകള്‍ക്ക് പരമാവധി 10 കിലോ അരി അധികവിഹിതമായി ലഭിക്കും. കിലോയ്ക്ക് 26 രൂപയാണ് വില. പിങ്ക് കാർഡ് ഉടമകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 3 കിലോ അരിയും ലഭിക്കും.
അതേസമയം, റേഷൻകടകളില്‍ നിലവില്‍ വിതരണം ചെയ്യുന്ന അരിയില്‍ നിന്ന് വ്യത്യസ്തമാണ് ഓണം സ്പെഷല്‍ അരി. വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമ്പുഷ്ടീകരിച്ച അരിയാണ് നിലവില്‍ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നത്. എന്നാല്‍ ഓണം സ്പെഷല്‍ അരി സമ്പുഷ്ടീകരിച്ചതല്ല.
അരി കുക്കറില്‍ വേവിക്കുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞുപോകാൻ സാധ്യതയുള്ളതിനാല്‍ സാധാരണ രീതിയില്‍ പാകം ചെയ്യുന്നതാണ് ഉചിതമെന്നാണ് റേഷൻ വ്യാപാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം.






