ഇന്ത്യൻ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ റിലീസ് അടുക്കുകയാണ്. 2026 നവംബർ 5നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഒഫിഷ്യൽ റിലീസ് ഡേറ്റ് പോസ്റ്റർ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയ്ലര് അടുത്തിടെ പുറത്തുവിട്ടിരുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.






