ഇന്ത്യയിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിൽ ഉയർന്ന ജോലിയിൽ പ്രവേശിക്കാം. ബിരുദധാരികൾക്കാണ് അവസരം.
ലോക്കൽ ബാങ്ക് ഓഫിസറുടെ 545 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. ഉയർന്ന ശമ്പളവും തുടർ പ്രമോഷന് സാധ്യതകളുമുള്ള ഒരു തസ്തികയാണ് ഇത്. ബാങ്കിന്റെ ഇതിനായുള്ള വിജ്ഞാപനമനുസരിച്ച് ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
കേരളത്തിൽ ഒഴിവുകൾ ഇപ്പോൾ നിലവിലില്ലെങ്കിലും അയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിൽ 78, തമിഴ്നാട്ടിൽ 51 എന്ന വിധത്തിൽ ഒഴിവുകൾ ഉണ്ട്. ഒമ്പതു വർഷത്തിനു ശേഷം അല്ലെങ്കിൽ അതിനു മുൻപ് പ്രമോഷൻ ലഭിച്ചാൽ സ്വന്തം സംസ്ഥാനത്തിലുൾപ്പെടെയുള്ള ബ്രാഞ്ചുകളിലേക്ക് ജോലിയിൽ എത്തിചേരാം എന്ന സൗകര്യവും ഉണ്ട്.
അപേക്ഷ യോഗ്യത
അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും ഒരു ഷെഡ്യൂൾഡ്/ റീജനൽ റൂറൽ ബാങ്കിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം വേണം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കുവാനും എഴുതുവാനുമുള്ള പരിചയം വേണ്ടതുണ്ട്.
പ്രായം
അപേക്ഷകരുടെ പ്രായം 01-7-2026 തീയതി കണക്കാക്കി 20 നും 30 വയസ്സിനുമിടയിലായിരിക്കണം. പിന്നാക്കം/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/പത്ത് വർഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ആനുകൂല്യം പ്രായപരിധിയിൽ ഉണ്ട്.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ് ടെസ്റ്റ്, പ്രാദേശിക ഭാഷ പ്രൊഫിഷ്യൻസി ടെസ്റ്റ് അതിനു ശേഷമുള്ള ഇന്റർവ്യൂ എന്നീ വിവിധ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർഥികളെ ബാങ്ക് ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നത്.
എഴുത്തു പരീക്ഷ
ഇത് ഓഗസ്റ്റ്/ സെപ്റ്റംബർ മാസത്തിൽ പ്രതീക്ഷിക്കാം. ഓൺലൈൻ പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ഓരോ മാർക്ക് വിതമുള്ള 150 ചോദ്യങ്ങൾ ഉണ്ടാകും. റീസണിങ്ങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (25 ചോദ്യങ്ങൾ - 35 മിനിറ്റ് ), ഡാറ്റ അനാലിസിസ് ആൻ്റ് ഇൻ്റർപ്രറ്റേഷൻ (25 -35), ഇംഗ്ലിഷ് ലാംഗ്വേജ് (25 -25), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (25 -35), ജനറൽ/ഇക്കോണമി/ബാങ്കിങ് അവേർനസ് (50 ചോദ്യങ്ങൾ-50 മിനിട്ട്) എന്ന വിധത്തിലായിരിക്കും ചോദ്യപേപ്പർ. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആയി നഷ്ടപ്പെടും. പരീക്ഷയിൽ യോഗ്യത നേടുവാൻ ജനറൽ വിഭാഗത്തിന് 40% മാർക്കും സംവരണ വിഭാഗത്തിലുള്ളവർക്ക് 35% മാർക്കും ലഭിക്കണം.
ഈ വിധത്തിൽ യോഗ്യത നേടുന്നവരെ അടുത്ത ഘട്ടമായ സ്ക്രീനിങ്ങ് ടെസ്റ്റിന് വിളിക്കും. ഇത് ഓൺലൈനായി സമർപ്പിച്ച രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും പരിശോധന നടത്തുന്ന പ്രക്രിയയാണ്. ജോലിക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ പഠിച്ചിട്ടില്ലാത്തവർ ലോക്കൽ ലാംഗ്വേജ് പ്രഫിഷ്യൻസി ടെസ്റ്റിന് ഹാജരാകണം. അവിടുത്തെ പ്രദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കുവാനും എഴുതുവാനുമുള്ള പരിചയം മനസ്സിലാക്കുവാനുള്ള ഒരു പ്രാഥമിക ടെസ്റ്റ് മാത്രമാണിത്.
ഇതിനുള്ള സ്ഥലവും പരീക്ഷ തീയതിയും അപേക്ഷകരെ ഇ മെയിൽ ആയി അറിയിക്കും. പ്രാദേശിക ഭാഷ പത്ത്/പന്ത്രണ്ട് ക്ലാസ്സിൽ പഠിച്ചതിന്റെ വിവരങ്ങൾ ഉൾപ്പെട്ട സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ചവർക്ക് പ്രസ്തുത ടെസ്റ്റ് ബാധകമല്ല.
ശമ്പളം
ജോലിയിൽ പ്രവേശിച്ച ഉടനെയുള്ള ശമ്പള സ്കെയിൽ 48,480-85,920 രൂപ എന്നതായിരിക്കും. ഡി എ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ, താമസ സൗകര്യം അല്ലെങ്കിൽ വീട്ടുവാടക തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ വേറെയും ഉണ്ട്. തുടക്കത്തിൽ തന്നെ 85,000 രൂപയിലധികം മാസശമ്പളമായി ലഭിക്കും.
ഇൻ്റർവ്യൂ
അടുത്ത ഘട്ടം 50 മാർക്കിനുള്ള ഇന്റർവ്യൂ ആണ്. ഇതിൽ ജനറൽ വിഭാഗക്കാർക്ക് 50% (25 മാർക്ക്) പട്ടിക വിഭാഗക്കാർക്ക് 45% (22.50 മാർക്ക്) ലഭിക്കണം. ഇത് നേടാത്തവർ ഇന്റർവ്യൂവിൽ പരാജയപ്പെട്ടതായി കണക്കാക്കും. ഓൺലൈൻ പരീക്ഷക്കും ഇന്റർവ്യൂവിനും ലഭിച്ച മാർക്കുകൾ ചേർത്ത് ഫൈനൽ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. ഇത് സംസ്ഥാനടിസ്ഥാനത്തിലും സംവരണ തസ്തികകൾ വിജ്ഞാപനത്തിൽ പറഞ്ഞതു പ്രകാരവുമായിരിക്കും.
ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. ബെംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂർ, സേലം, തിരുനൽവേലി, നാഗർകോവിൽ/കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം. പ്രവർത്തി പരിചയമുള്ളവർക്ക് അഡ്വാൻസ് ഇൻക്രിമെന്റുകൾ ലഭിക്കും. അപേക്ഷ ഫീസ് ജിഎസ്ടി ഉൾപ്പെടെ 1180 രൂപ. പട്ടിക/ ഭിന്നശേഷിക്കാർക്ക് 59 രൂപ. അപേക്ഷ നൽകിയ ശേഷവും വെബ്സൈറ്റിൽ വരുന്ന തുടർ വിവരങ്ങളും നിർദേശങ്ങളും കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷയിൽ മെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകാൻ മറക്കരുത്. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://pnb.bank.in






