കറുകച്ചാല്‍: കങ്ങഴ മേഖലയില്‍ ജനങ്ങളെ വലച്ച് പെരുമ്പാമ്പുകള്‍ ഇഴയുന്നു. കങ്ങഴ ഇടയിരിക്കപ്പുഴ, പ്ലാക്കല്‍പടി, പത്തനാട്-മൂലേപ്പീടിക, മൂക്കൻപാറ, തുടങ്ങിയ സ്ഥലങ്ങളിലാണ് പെരുമ്പാമ്പുകളെ നാട്ടുകാർ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ മൂക്കൻപാറയ്ക്ക് സമീപം ബൈക്ക് യാത്രികർ ഇഴഞ്ഞു പോകുന്ന നിലയില്‍ റോഡില്‍ പെരുമ്പാമ്പിനെ കണ്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥികളും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടു. പത്തടിയിലേറെ വലിപ്പമുള്ള പാമ്പിനെയാണ് കണ്ടതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ മാസം മണിമല റോഡില്‍ പ്ലാക്കല്പടിയിലും പെരുമ്പാമ്പ് എത്തിയിരുന്നു. സമീപത്തെ പുരയിടത്തിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. പിറ്റേന്ന് രാത്രിയില്‍ മണിമല റോഡിലൂടെ ഇഴഞ്ഞു വന്ന പെരുമ്പാമ്പ് സമീപത്തെ റേഷൻകട കെട്ടിടത്തിന് സമീപത്തെ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്തേക്ക് ഇഴഞ്ഞുമറഞ്ഞു.
പത്തനാട്-മൂലേപ്പീടിക റോഡിലും രണ്ടാഴ്ച മുൻപ് പെരുമ്പാമ്പിനെ കണ്ടിരുന്നു. കൊന്നയ്ക്കല്‍ ഭാഗത്ത് റോഡിലും ബൈക്ക് യാത്രികർ പെരുമ്പാമ്പിനെ കണ്ടിരുന്നു. ഈ പ്രദേശങ്ങളിലെ തോട്ടങ്ങളിലും പുരയിടങ്ങളിലും പാഴ്ച്ചെടികള് കയറിയതോടെയാണ് പെരുമ്പാമ്പുകള്‍ പെരുകിയതെന്ന് നാട്ടുകാർ പറയുന്നു.






