പാമ്പാടി: അനധികൃത മണ്ണെടുപ്പ് വ്യാപകമയത്തോടെ കര്‍ശന നടപടിക്കൊരുങ്ങി പഞ്ചായത്ത് ഭരണ സമിതി. ഒരു ലോഡിന് അനുമതി നല്കിയാല് ഒന്‍പത് ലോഡ് കടത്തുന്ന അവസ്ഥയാണ് ഇവിടെ ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ തന്നെ രണ്ടു തവണ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇനിയും പരിശോധനകള്‍ തുടരുമെന്നാണു ലഭിക്കുന്ന വിവരം.
എന്നാല്‍, എന്‍ജിനീയറിങ് വിഭാഗത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിരീക്ഷിക്കുന്നതിനു നിരവധി പരിമിതികളുണ്ട്. ഒരു ഓവര്‍സിയറുടെ ചുമതലയില്‍ ഏകദേശം പത്തു വാര്‍ഡുകള്‍ വരുന്നതിനാല്‍, മറ്റ് ഔദ്യോഗിക ജോലികള്‍ക്കിടയിലാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഈ പരിമിതികള്‍ ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആക്ഷേപം ഉണ്ട്.
നിലവില്‍ പരിശോധന നടന്നുവരുന്ന ഒട്ടുമിക്ക സ്ഥലങ്ങളിലും അനുവദിച്ചതിലധികം മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഇതേ തുടര്‍ന്നാണു പഞ്ചായത്ത് ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുന്നത്. കെട്ടിട നിര്മാണതിനെന്ന പേരില്‍ പെര്‍മിറ്റ് എടുത്തവര്‍ മണ്ണ് നീക്കി ഒരു വര്‍ഷത്തിനകം നിര്‍മാണം നടത്തണം.
അനുവദിച്ചതില്‍ കൂടുതല്‍ മണ്ണ് നീക്കിയിട്ടുണ്ടോ എന്നും നിര്‍മാണം തുടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കും. അല്ലെങ്കില്‍ നിയമാനുസൃത ഫൈനും നടപടികളും ഉണ്ടാകും.
രാവിലെ ആറിനു മുന്‍പും വൈകിട്ട് ആറിനു ശേഷവും പൊതു അവധി ദിവസങ്ങളിലും നടക്കുന്ന മണ്ണെടുക്കല്‍ അനധികൃതമാണെന്നു പൊതു ജനത്തിനു ഗ്രാഹ്യമില്ലാത്തതു മാഫിയകള്‍ മുതലാക്കുന്നുണ്ട്.
മുന്‍ ഭരണ സമിതിക്കാലത്താണു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മണ്ണെടുപ്പ് നടന്ന പഞ്ചായത്തുകളില്‍ മുപ്പത്തിരണ്ടാം സ്ഥാനത്ത് പാമ്പാടി എത്തിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്ക് പറഞ്ഞു.
കണക്കെടുപ്പിനെ തുടര്‍ന്നുള്ള നടപടികളാണ് ഇപ്പോഴത്തെ പരിശോധനകള്‍. വാര്‍ഡ് മെമ്പറുടെയും ഭരണ സമിതിയുടെയും അറിവോടെയും പരിശോധനയോടെയുമെ ഇനി പെര്‍മിറ്റ് ലഭിക്കുകയുള്ളൂ എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.






