കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം വീഴാൻ സാധ്യത. ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയ ചർച്ച ആരംഭിച്ചു. നാലു കോണ്‍ഗ്രസ് കൗണ്‍സിലർമാർ സഭയിലെത്തിയിട്ടുണ്ട്.
നിലവില്‍ അഞ്ചു കോണ്‍ഗ്രസ് കൗണ്‍സിലർമാർ സഭയിലെത്തി. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് ഹാജരായത്. ഇവർക്കൊപ്പം സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സണ്‍ മായ രാഹുലും എത്തിയിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് കൗണ്‍സിലർമാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനയ്ക്കല്‍ എന്നിവർ ഹാജരായില്ല.
26 അംഗങ്ങളുള്ള നഗരസഭയില്‍ നിലവില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ചെയർപേഴ്സണെതിരായ അവിശ്വാസം വിജയിക്കണമെങ്കില്‍ 14 പേരുടെ പിന്തുണ വേണം.
ഇപ്പോൾ യോഗത്തിൽ17പേർ പങ്കെടുക്കുന്നു. കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ. എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടുപേരുടെ പിന്തുണ ആവശ്യമാണ്. അവിശ്വാസ ചർച്ചയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കോണ്‍ഗ്രസ് കൗണ്‍സിലർമാർക്ക് ഡിസിസി വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിക്കുന്നത് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകും.
ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ നിലപാട്. ഭരണസമിതിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിർപ്പ് രൂക്ഷമായതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഭരണം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നാണ് ഡിസിസിയുടെ ആവശ്യം. കേരള കോണ്‍ഗ്രസും കെഡിപി പാർട്ടികളും സ്വന്തം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാനാണ് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ നീക്കമെന്നാണ് സൂചന.
ഇതില്‍ ജില്ലാ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സ്വതന്ത്രർ എന്നിവരടങ്ങുന്ന 14 പേരുടെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.






