കോട്ടയം: പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടർന്ന് പത്ത് വർഷത്തിലേറെയായി വാടകയ്ക്ക് നൽകാനാകാതെ കിടന്നിരുന്നെങ്കിലും, ഇനി നഗരസഭയ്ക്ക് സ്ഥിരമായ വരുമാനമാർഗമായി മാറുന്നു.
കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയും പ്രതിവർഷം 37.20 ലക്ഷം രൂപയും അധിക വരുമാനമായി ലഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു.
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻ ഭരണസമിതികൾക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം പലതവണ ലേലം വിളിച്ചെങ്കിലും കെട്ടിടം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇതിന്റെ ഫലമായി നഗരസഭയ്ക്ക് ഈ ഇനത്തിൽ മാത്രം മൂന്നരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായും ചെയർപേഴ്സൺ വ്യക്തമാക്കി.
ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പുതിയ ഭരണസമിതി കെട്ടിടത്തിലെ പ്രശ്നങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചതെന്ന് ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കെട്ടിടം വാടകയ്ക്ക് നൽകാൻ സജ്ജമാക്കുകയായിരുന്നു.
പാലാ വലവൂർ ട്രിപ്പിൾ ഐടിയുടെ ഹോസ്റ്റൽ ആവശ്യത്തിനായി കെട്ടിടം വിട്ടുനൽകാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്നും, ഒരു മാസത്തിനകം കെട്ടിടം കൈമാറുന്നതോടെ നഗരസഭയുടെ തനത് ഫണ്ടിലേക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ സ്ഥിരവരുമാനം ലഭിച്ചുതുടങ്ങുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
നിരവധി സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ സ്വന്തം വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞത് വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്ന് ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.






