പാലാ: കെ.എസ്.ആര്.ടി.സി പാലാ ഡിപ്പോയില്‍നിന്നുള്ള കോട്ടയം- തൊടുപുഴ ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വീസില്‍ ബസുകള്‍ വെട്ടിക്കുറയ്ക്കുകയും ഓടുന്ന ബസുകള്‍ ബ്രേക്ക് ഡൗണ്‍ ആവുകയും ചെയ്യുന്നതു കാരണം നൂറു കണക്കിന് സ്ഥിരം യാത്രക്കാര്‍ യാത്ര ദുരിതം നേരിടുന്നതായി കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ കമ്മറ്റി.
ചെയിന്‍ സര്‍വ്വീസിനായി 16 ബസുകളാണ് 15 മിനിട്ട് ഇടവേളകളിലായി മുടങ്ങാതെ ഓടിയിരുന്നത്. ഇത് അടുത്ത കാലത്ത് 12 സര്‍വ്വീസാക്കി ചുരുക്കുകയും പിന്നീട് 10-ലേയ്ക്ക് കുറയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പരാതിയെ തുടര്‍ന്ന് വീണ്ടും 12 എണ്ണമാക്കി മാറ്റിയിരുന്നുവെങ്കിലും ഇന്നലെ മാത്രം അഞ്ച് സര്‍വ്വീസുകളാണ് പാതി വഴി യില്‍ മുടങ്ങിയത്.
കോട്ടയത്തുനിന്നും തൊടുപുഴയ്ക്കും തിരിച്ചും മറ്റു സര്‍വ്വീസുകള്‍ ഇല്ലാത്തതു കാരണം അധികൃതര്‍ ദുരിതം സമ്മാനിക്കുകയാണെന്ന് യാത്രികര്‍.
നൂറില്‍ പരം യാത്രക്കാരെ നിന്നു തിരിയാന്‍ ഇടമില്ലാതെ കുത്തിനിറച്ചാണ് കൊടും ചൂടുകാലത്തെ ബസ് യാത്രയെന്ന് യോഗം കുറ്റപ്പെടുത്തി.
പാലായില്‍ നിന്നും കുമളിയിലേയ്ക്കുള്ള സര്‍വ്വീസുകള്‍ മുടക്കിയത് കുട്ടിക്കാനം, പീരുമേട് കോളജുകളിലേക്കുള്ള വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും യാത്രാക്ലേശത്തിലാക്കിയിരിക്കുകയാണ്.
യാത്രാക്കാര്‍ വളരെ കൂടുതലുള്ള സമയത്ത് ആവശ്യമായ സര്‍വ്വീസുകള്‍ മറ്റുഡിപ്പോകളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തി ദുരിതയാത്രയ്ക്ക് അറുതി വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൊതുഗതാഗത സൗകര്യങ്ങള്‍ കുറയുന്നതോടെ സ്വകാര്യ വാഹനങ്ങള്‍ നിരത്ത് കീഴടക്കി ഗതാഗതക്കുരുക്ക് കൂടി സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.സംസ്ഥാന പ്രസിഡന്റ് ഡോ.നോയല്‍ മാത്യൂസ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ജോബി കുളത്തറ അധ്യക്ഷത വഹിച്ചു. ബോസ്മോന്‍ ജോസഫ്, രാജേഷ് മാത്യു, ജിജി കെ ജോസ്, സിബി ജോസഫ്, നോബി ഡൊമിനിക്, സാജു പാലംതൊടുകയില് തുടങ്ങിയവര്‍ പ്രസംഗിച്ചു.






