പലാ: പാലാ ജനറല്‍ ആശുപത്രി റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കി ഉത്സവകാലത്തിന് മുന്‍പ് സുഗമമായ യാത്രയ്ക്കായി സജ്ജമാക്കണമെന്ന് ജോസ്.കെ.മാണി എം.പി.
2024 -ലെ ബജറ്റ് നിര്‍ദ്ദേശത്തില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രത്യേക പരിഗണനയിലാണ് ഈ റോഡിന് ബജറ്റ് വിഹിതം ലഭ്യമാക്കിയതെന്നും ബൈപാസ് വരെ വീതി കൂട്ടി നിര്മ്മിച്ചെങ്കിലേ ഗതാഗത പ്രധാന്യമുള്ള ഈ റോഡ് പ്രയോജനപ്പെടുകയുള്ളൂവെന്നും ഇതിനായി സ്വീകരിച്ച നടപടികള്‍ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.പി.ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം നടന്നു വരുന്ന ഓങ്കോളജി ബ്ലോക്കിന്റെയും റോഡ് നിര്‍മ്മാണത്തിന്റെയും പുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു ജോസ്.കെ.മാണി.
ആശുപത്രി വക സ്ഥലത്ത് പെട്ടികട നടത്തുന്നവര്‍ സ്വയം ഒഴിഞ്ഞു പോകുമെന്ന് കട ഉടമകള്‍ ജോസ്.കെ മാണിയെ നേരിട്ട് അറിയിച്ചു. മാനുഷികമായ പുനരധിവാസം സംബന്ധിച്ച് നഗരസഭയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി ജോസ്.കെ.മാണി കട ഉടമകളെ അറിയിച്ചു.
റോഡിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് ഒരു വിധ തടസങ്ങളും ഇല്ലാത്തതിനാല്‍ റോഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ ഓങ്കോളജി ബ്ലോക്കിന്റെ അവസാനഘട്ട മിനിക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്.






