പാലാ : ശക്തമായ മഴയെത്തുടർന്ന് പാലാ മേഖലയിലെ വിവിധ തോടുകളിൽ ജലനിരപ്പ് ഉയർന്നതുമൂലം താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി. ചിലയിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഇടയാറ്റ് ക്ഷേത്രത്തിന് മുൻവശത്ത് മീനച്ചിൽ തോട് കരകവിഞ്ഞതോടെ വെള്ളിയേപ്പള്ളി-പന്തത്തല റോഡിലേക്ക് വെള്ളം കയറി. ഉച്ചയോടെ വെള്ളം കുറഞ്ഞശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിച്ചത്.
മീനച്ചിൽ തോട്ടിലെ ജലനിരപ്പ് ഉയർന്ന് പാലാ-പൊൻകുന്നം റോഡിനൊപ്പമെത്തിയത് കടയം ഭാഗത്ത് ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാൽ, ഉച്ചയോടെ തോട്ടിലെ വെള്ളം കുറഞ്ഞു. പൂവരണി ക്ഷേത്രമൈതാനത്തും വെള്ളം കയറി. രാത്രി മുഴുവൻ ഇടവിട്ട് പെയ്ത മഴയെത്തുടർന്നാണ് തോടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.
മുത്തോലി പഞ്ചായത്തിലെ വെള്ളിേയപ്പള്ളയിൽ പുരയിടത്തിൽ ബാലകൃഷ്ണൻനായരുടെ വീട്ടുമുറ്റത്തെ കിണർ വെള്ളിയാഴ്ച പുലർച്ചെ ഇടിഞ്ഞു.
മീനച്ചിൽ പഞ്ചായത്തിൽ പൊന്നൊഴുകുംതോട് കരകവിഞ്ഞ് വിളക്കുമാടം ഭാഗത്ത് റോഡിൽ രാവിലെ കുറച്ചുനേരത്തേക്ക് ഗതാഗതതടസ്സമുണ്ടാക്കിയിരുന്നു.
മുത്തോലിയിൽ പാലാ-കൊടുങ്ങൂർ റോഡിനുസമീപം പാലത്തിന്റെ അടിഭാഗത്ത് മീനച്ചിലാറ്റിൽനിന്നുള്ള വെള്ളം കയറിക്കിടക്കുന്നതിനാൽ നിരവധി വീടുകളിലുള്ളവർ ദുരിതത്തിലാണ്.
ഇവിടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ ഈ ഭാഗത്തേക്ക് കൂടുതൽ വെള്ളമെത്തിയിരിക്കുകയാണ്.
ഇവിടെ താമസിക്കുന്നവർ വീടുകളിൽനിന്ന് മുത്തോലി സെയ്ന്റ് ആന്റണീസ് ഹൈസ്കൂളിലെ ക്യാമ്പിലാണ് താമസിക്കുന്നത്.
50 ആളുകൾ ക്യാമ്പിൽ തങ്ങുകയാണ്. സമീപദിവസങ്ങളിൽ വെയിൽ തെളിഞ്ഞതോടെ വെള്ളത്തിന്റെ നിരപ്പ് കുറഞ്ഞുവരുകയായിരുന്നു.
വെള്ളിയാഴ്ചയോടെ ഇവരെ വീടുകളിലേക്ക് മാറ്റി ക്യാമ്പ് നിർത്താൻ മുത്തോലി പഞ്ചായത്തധികൃതർ തീരുമാനമെടുത്തിരുന്നു.
പ്രതീക്ഷകൾ തെറ്റിച്ച് കഴിഞ്ഞദിവസമുണ്ടായ മഴയിൽ വീടുകൾക്കുചുറ്റുമുള്ള വെള്ളം ഉയരുകയായിരുന്നു.
മഴയിൽ മീനച്ചിൽ തോട്ടിൽ ജലനിരപ്പുയർന്ന് മീനച്ചിലിൽ ചെറുചിലമ്പിൽ രാജീവിന്റെ സ്റ്റേഷനറി കടയിലെ സാധനങ്ങൾ ഒഴുകിപ്പോയി. കാൽലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
വട്ടപ്പറമ്പിൽ ആഗസ്തി, അകമ്പനാൽ സുനിൽകുമാർ, തകടിയേൽ ഷാജി, നന്ദു പരമാര, ജോയ് മൂത്തേടത്ത് എന്നിവരുടെ വീടുകളിൽ വെള്ളം കയറി നാശം സംഭവിച്ചിട്ടുണ്ട്.
മീനച്ചിൽ മീനച്ചിൽക്കാവ് റോഡ്, മീനച്ചിൽ തെങ്ങുംതോട്ടം റോഡ്, ഇടയാറ്റുകര റോഡ് എന്നീ റോഡുകൾ വെള്ളത്തിനടിയിലായി.






