കോട്ടയം : കഞ്ചാവ് മുതല്‍ എംഡിഎംഎ വരെയായി തൂഫാന് കാറ്റ് ആഞ്ഞടിക്കുമ്പോഴും മൊത്തക്കച്ചവടക്കാര്‍ കാണാമറയത്തു തന്നെ. ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നവരിലേക്ക് എത്താന്‍ എക്സൈസും പോലീസും മടിക്കുകയാണ്. പിടിയിലായവരില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുണ്ടെങ്കിലും ഇവര്‍ എല്ലാം കാരിയര്‍മാരാണെന്ന് വ്യക്തമായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍, കോളജ് വിദ്യാര്‍ഥികള്‍, ലഹരി ഉപയോഗിക്കുന്നവര്‍ എന്നിവരെ ഇടനിലക്കാരാക്കിയാണ് ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം. നിശ്ചിത തുക പാരിതോഷികമായി നല്‍കിയോ, ഉപയോഗിക്കാന്‍ ലഹരി ഉത്പന്നങ്ങള്‍ നല്കിയുമൊക്കെയാണു കച്ചവടം പൊടിപൊടിക്കുന്നത്. ജില്ലയിലുടനീളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ സംഘം തന്നെ കഞ്ചാവും മയക്കുമരുന്നും കടത്തുന്ന കാരിയര്‍മാരായും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു 65 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ മൂന്നംഗ സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം കാരിയര്‍മാരാണ്. ഫോണില്‍ ലഭിക്കുന്ന നിര്‍ദേശമനുസരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. കഞ്ചാവ് വാങ്ങുമ്പോള്‍ മുതല്‍ ഇവിടെ എത്തിച്ചു വിതരണം ചെയ്യേണ്ടതു വരെയുള്ള കാര്യങ്ങളുടെ നിര്‍ദേശം കാരിയര്‍മാരുടെ സംഘത്തിനു കൃത്യമായി ഫോണില്‍ ലഭിച്ചു കൊണ്ടിരിക്കും. നിശ്ചിത സ്ഥലത്ത് ചരക്ക് എത്തിച്ചാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കും.
ജില്ലയില്‍ സമീപകാലത്ത് ലഹരി ഉത്പന്നങ്ങള്‍ പിടിക്കപ്പെട്ട കേസുകളിലൊന്നും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നുവെന്നു ഒഴുക്കന്‍ മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. അന്യസംസ്ഥാനങ്ങളില്‍ പോയി അന്വേഷണം സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.






