കോട്ടയം: കളക്ട്രേറ്റ് കവാടത്തിൽ ദേശീയപതാകയുടെ ചിത്രം മലിനമായ നിലയിൽ പ്രദർശിപ്പിച്ചെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി.
കേരള എൻജിഒ അസോസിയേഷന്റെ പേരിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററിലാണ് ദേശീയപതാകയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ദിവസങ്ങളായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലെ ദേശീയപതാകയുടെ ചിത്രത്തിൽ പ്രാവിന്റെ കാഷ്ഠം വീണ് മലിനമായ നിലയിലാണെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയപതാകയുടെ ചിത്രം വൃത്തിഹീനവും വികൃതവുമായ നിലയിൽ തുടരുന്നത് ദേശീയപതാകയോടുള്ള അനാദരവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
1971ലെ ദേശീയ ബഹുമതി അപമാനിക്കുന്നത് തടയൽ നിയമത്തിലെ വകുപ്പ് 2, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവ പ്രകാരം സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പോസ്റ്റർ സ്ഥാപിച്ച സംഘടനയുടെ ഭാരവാഹികളെയും സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദികളായവരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കളക്ട്രേറ്റ് കവാടത്തിലാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നതിനാൽ ബന്ധപ്പെട്ട സ്ഥലത്തിന്റെ ഭരണപരമായ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു. സംഭവസ്ഥലം പരിശോധിച്ച് പോസ്റ്ററിന്റെ നിലവിലെ അവസ്ഥ രേഖപ്പെടുത്തണമെന്നും ആവശ്യമായാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ഫോട്ടോയും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാൻ സാധിക്കാത്ത ദേശീയപതാകകൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്നും പരസ്യ ആവശ്യങ്ങൾക്ക് ദേശീയപതാക യാതൊരു വിധത്തിലും ഉപയോഗിക്കരുതെന്നുമുള്ള ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.






