കോട്ടയം: മണ്ഡലകാലത്തോടനുബന്ധിച്ച് മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ നടന്ന മഹാകുരുതി ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാല ആചാരങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ട് ആറുമണിയോടെ മേൽശാന്തി. ബ്രഹ്മശ്രീ അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ദേവിക്ക് പൂമൂടൽ ചടങ്ങ് നടത്തി. തുടർന്ന് രാത്രി ഒൻപതുമണിയോടെ മഹാകുരുതി ആരംഭിച്ചു.
1000ത്തിൽ അധികം നാളികരം ഉടയ്ക്കൽ, 3000 ത്തിന്മുകളിൽ കുരുതി വഴിപാടുകൾ എന്നിവ നടന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
ക്ഷേത്രത്തിലെ പതിവ് ആചാരങ്ങളുടെ ഭാഗമായി ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടത്തിവരുന്ന കരിങ്കുറ്റിന് കരിംകുരുതി, മഹാകാളിക്ക് കുരുതി തുടങ്ങിയ വഴിപാടുകൾ 41 ദിവസത്തെ മണ്ഡലകാലത്തിന് ശേഷം മഹാകുരുതിയോടെ ആരംഭിക്കും.
മഹാകുരുതിയിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. വിപുലമായ ഭക്തജനപങ്കാളിത്തം കൊണ്ട് ചടങ്ങുകൾ ശ്രദ്ധേയമായി.
പ്രസിഡന്റ് പി.കെ. സാബു പൂന്താനം, സെക്രട്ടറി സുഗുണൻ പി.കെ. കാർത്തിക, ട്രഷറർ വിനോദ് എം.ജി., ഗവേണിങ് ബോർഡ് ചെയർമാൻ ബിജു മൂളേക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.





